ശബരിമലയിലെ സ്വർണ പാളികൾ തിരികെയെത്തിച്ചു
പത്തനംതിട്ട: അറ്റകുറ്റപ്പണികൾക്കായി സന്നിധാനത്ത് നിന്ന് കൊണ്ടുപോയ ദ്വാരപാലക ശിൽപ്പത്തിന്റെ സ്വർണപ്പാളികൾ തിരിച്ചെത്തിച്ചു. ഇന്നലെ രാത്രിയാണ് സ്വർണപ്പാളികൾ തിരികെ കൊണ്ടുവന്നത്.
നിലവിൽ സന്നിധാനത്തെ സ്റ്റോറിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് ദ്വാരപാലക ശിൽപത്തിന്റെ താഴെയുള്ള സ്വർണപാളികൾ അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയത്.
എന്നാൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചല്ല സ്വർണപാളികൾ കൊണ്ടുപോയതെന്ന വിമർശനം ഉയർന്നിരുന്നു. ഹൈക്കോടതിയിൽ അടക്കം ഈ വിഷയം ചർച്ച ചെയ്യപ്പെടുകയും ഇതേ തുടർന്ന് ദേവസ്വം ബോർഡിനെ കോടതി വിമർശിക്കുകയും ചെയ്തിരുന്നു.
അയ്യപ്പ സംഗമത്തോട് അനുബന്ധിച്ച് വിഷയം കൂടുതൽ വിവാദമായതോടെ ഉടൻ തന്നെ സർവീസ് പൂർത്തീകരിച്ച് തിരികെയെത്തിക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പെട്ടെന്നു തന്നെ ചെന്നൈയിൽ നിന്ന് സ്വർണപാളികൾ തിരികെയെത്തിക്കാൻ തീരുമാനിച്ചത്.
രാഷ്ട്രപതി ശബരിമല ദർശനം നടത്തും
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ ദർശനം നടത്തും. തുലാമാസ പൂജയുടെ അവസാന ദിവസമായ ഒക്ടോബർ 20ന് രാഷ്ട്രപതി ശബരിമലയിൽ എത്തിയേക്കുമെന്നാണ് വിവരം.
രാഷ്ട്രപതി ഭവൻ സാഹചര്യം ചോദിച്ചിരുന്നുവെന്നും തയ്യാറാണെന്ന് അറിയിച്ചുവെന്നും ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. നേരത്തെ മേയ് 19ന് ദ്രൗപതി മുർമു ശബരിമല സന്ദർശിക്കും എന്നായിരുന്നു വിവരം.
എന്നാൽ അവസാനനിമിഷം രാഷ്ട്രപതിയുടെ യാത്ര റദ്ദാക്കുകയായിരുന്നു. ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷം രൂക്ഷമായതിനെ തുടർന്നായിരുന്നു അന്നത്തെ സന്ദർശനം റദ്ദാക്കിയത്.
ഈ വർഷത്തെ തുലാമാസ പൂജകൾക്കായി ഒക്ടോബർ 16നാകും ശബരിമല നട തുറക്കുക. മേൽശാന്തി നറുക്കെടുപ്പ് അടുത്തമാസം നടക്കും.
ഭക്തർ സമർപ്പിച്ച വഴിപാടുകൾ ആറന്മുള സ്ട്രോങ് റൂമിൽ
പത്തനംതിട്ട ∙ ദശാബ്ദങ്ങളായി ശബരിമലയിലേക്കുള്ള ഭക്തരുടെ വഴിപാടുകൾ ക്ഷേത്രത്തിന് അനവധി സ്വർണ്ണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും സമ്മാനിച്ചിട്ടുണ്ട്.
മാലകൾ, കിണ്ടികൾ, കിരീടങ്ങൾ, നെക്ലസുകൾ തുടങ്ങി അനവധി വിശിഷ്ട സമർപ്പണങ്ങളാണ് സന്നിധാനത്തിന് ലഭിച്ചിട്ടുള്ളത്. ഇവയെല്ലാം രേഖപ്പെടുത്തി ആറന്മുളയിലെ സ്ട്രോങ് റൂമിലാണ് സൂക്ഷിക്കുന്നത്.
ശബരിമലയിലെ പ്രധാന വഴിപാടുകൾ
തങ്ക അങ്കി – അയ്യപ്പ വിഗ്രഹത്തിന്റെ ഭംഗി
1973-ൽ തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ സമർപ്പിച്ച 420 പവൻ തൂക്കമുള്ള തങ്ക അങ്കിയാണ് ശബരിമലയിലെ ഏറ്റവും വിലപിടിപ്പുള്ള വഴിപാടുകളിൽ ഒന്ന്.
എല്ലാ വർഷവും മണ്ഡലപൂജയ്ക്ക് മുമ്പായി ആറന്മുളയിൽനിന്ന് ഘോഷയാത്രയായി സന്നിധാനത്ത് എത്തിക്കുന്ന ഈ അങ്കി, അയ്യപ്പവിഗ്രഹത്തിൽ അണിയിച്ച് ദീപാരാധന നടത്താറുണ്ട്.
സ്വർണ്ണക്കിണ്ടി
2013 ഡിസംബറിൽ തമിഴ്നാട് ചിദംബരം സ്വദേശി കെ. വൈദ്യനാഥൻ സമർപ്പിച്ച 75 പവൻ തൂക്കമുള്ള സ്വർണ്ണക്കിണ്ടി നടയ്ക്കുള്ള വഴിപാടായിരുന്നു.
സ്വർണ്ണമാല
2022-ൽ തിരുവനന്തപുരത്തെ ഒരു ഭക്തൻ 107.75 പവൻ തൂക്കമുള്ള സ്വർണ്ണമാല സമർപ്പിച്ചു.
Summary: The gold plating of the Dwarapalaka idol, which had been taken from Sannidhanam for repair works, has been returned. The gold layers were brought back last night.