ഗോവ: രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഗോവയിൽ ടൂറിസ്റ്റ് ടാക്‌സ് ഏർപ്പെടുത്താൻ ഒരുങ്ങി പ്രാദേശിക ഭരണകൂടം. നോര്‍ത്ത് ഗോവയിലെ ജനപ്രിയ ബീച്ചുകളിലൊന്നായ കലാന്‍ഗൂട്ടിലാണ് ടൂറിസ്റ്റ് ടാക്‌സ് ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്. വിനോദ സഞ്ചാരികളുടെ കുത്തൊഴുക്ക് കൂടി വരുന്ന സാഹചര്യത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനായാണ് നടപടി.(Goa’s Calangute panchayat has decided to tax for tourists)
കലാന്‍ഗൂട്ട് പഞ്ചായത്ത് സമിതിയാണ് ബീച്ചില്‍ പ്രവേശിക്കാന്‍ ടിക്കറ്റ് ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി അധികാരികളെ സമീപിച്ചത്. മഹാരാഷ്ട്രയിലെ മഹാബലേശ്വറില്‍ ഉള്ളതിന് സമാനമായ നികുതിയോ ടൂറിസം ഫീസോ കലാന്‍ഗൂട്ട് ബീച്ചിലും ഏര്‍പ്പെടുത്തണമെന്നാണ് പഞ്ചായത്ത് സമിതിയുടെ ആവശ്യം. നേരത്തെ ഗോവയിലെ ഏതെങ്കിലും ഒരു ഹോട്ടലില്‍ ബുക്കിങ് ഇല്ലാത്തവരെ ബീച്ചില്‍ പ്രവേശിപ്പിക്കില്ലെന്ന് ഇവര്‍ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് പഞ്ചായത്ത് സമിതി കഴിഞ്ഞ ദിവസം പ്രമേയം പാസാക്കി. ജില്ല കളക്ടര്‍ക്കും, പോലീസ് തലവനും സര്‍ക്കാരിനും ഇത് സംബന്ധിച്ച് നിവേദനം കൈമാറിയിട്ടുണ്ട്.
“ജീപ്പിലും ബസിലുമെത്തുന്ന ടൂറിസ്റ്റുകള്‍ ബീച്ചിലിരുന്ന് മദ്യപിക്കുന്നു. അവരുടെ വാഹനത്തില്‍ ഭക്ഷണമുണ്ടാക്കി കഴിച്ച് മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്നു. റോഡ് സൈഡില്‍ അലക്ഷ്യമായി വാഹനങ്ങള്‍ നിര്‍ത്തി ബ്ലോക്കുകളുണ്ടാക്കുന്നു. ഇവരൊന്നും ഗോവയില്‍ ഹോട്ടലുകള്‍ ബുക്ക് ചെയ്ത് താമസിക്കാനായി വരുന്നവരല്ല. ഇത്തരക്കാരെ നിയന്ത്രിക്കാന്‍ നടപടി വേണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്”- കലാന്‍ഗൂട്ട് പഞ്ചായത്ത് സര്‍പഞ്ച് ജോസഫ് സക്കറിയ മാധ്യമങ്ങളോട് പറഞ്ഞു.
സീസണില്‍ ഗതാഗത പ്രശ്‌നങ്ങളും രൂക്ഷമാണ്. റൂം ബുക്കിങ്ങില്ലാതെ എത്തുന്ന സഞ്ചാരികളാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് എന്നാണ് ആരോപണം. ഗ്രാമത്തിലേക്കുള്ള അഞ്ച് പാതകളിലും പോലീസും പഞ്ചായത്ത് ഉദ്യോഗസ്ഥരും പരിശോധനകള്‍ കര്‍ശനമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വരുന്ന ഒക്ടോബറില്‍ പുതിയ സീസണ്‍ ആരംഭിക്കുന്നതോടെ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് പഞ്ചായത്തിന്റെ ശ്രമം.