തനിക്ക് ലോട്ടറി അടിച്ചു കിട്ടിയ പണവുമായി മുൻ കാമുകി മുങ്ങി എന്ന പരാതിയുമായി യുവാവ്. കാനഡയിലാണ് സംഭവം നടന്നിരിക്കുന്നത്. തനിക്ക് ലോട്ടറിയടിച്ച അഞ്ച് ദശലക്ഷം കനേഡിയൻ ഡോളറുമായി (ഏകദേശം 30 കോടി രൂപ) മുൻ കാമുകി ക്രിസ്റ്റൽ മറ്റൊരാളുടെ കൂടെ ഒളിച്ചോടി പോയെന്നാണ് യുവാവിന്റെ പരാതി. വിന്നിപെഗിൽ നിന്നുള്ള ലോറൻസ് കാംപ്ബെൽ ആണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.
ഒന്നര വർഷമായി ക്രിസ്റ്റലും താനും ഒരുമിച്ചാണ് താമസിച്ചിരുന്നത്. തനിക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാൽ ലോട്ടറി പണം ക്രിസ്റ്റലിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ തീരുമാനിച്ചു. 2024ലാണ് ലോട്ടറി ടിക്കറ്റ് വാങ്ങിയത്. ഇതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
ലോട്ടറിയടിച്ചപ്പോൾ കൈവശം സാധുതയുള്ള തിരിച്ചറിയൽ രേഖ ഇല്ലാതിരുന്നതിനാൽ ലോട്ടറി ഉദ്യോഗസ്ഥരുടെ ഉപദേശപ്രകാരം വെസ്റ്റേൺ കാനഡ ലോട്ടറി കോർപ്പറേഷനിൽ (WCLC) നിന്ന് സമ്മാനം വാങ്ങാൻ അന്ന് കാമുകിയായിരുന്ന ക്രിസ്റ്റൽ ആൻ മക്കെയെ ചുമതലപ്പെടുത്തി.
പക്ഷെ ദിവസങ്ങൾക്കുള്ളിൽ ക്രിസ്റ്റൽ ആൻ മക്കെ അപ്രത്യക്ഷയായതായി കാംപ്ബെൽ ആരോപിക്കുന്നു. ഇതിനിടെ മുൻ കാമുകി മറ്റൊരു പുരുഷനോടൊപ്പം ബന്ധം സ്ഥാപിച്ചതായി താൻ അറിഞ്ഞുവെന്നാണ് ലോറൻസ് കാംപ്ബെല്ലിന്റെ ആരോപണം. അതേസമയം, ആരോപണങ്ങളെല്ലാം നിഷേധിക്കുന്നതായി ക്രിസ്റ്റലിന്റെ അഭിഭാഷകൻ അറിയിച്ചിട്ടുണ്ട്.
കോളുകൾ എടുക്കാതെയായി. സന്ദേശങ്ങൾക്ക് മറുപടി നൽകിയില്ല. സമൂഹമാധ്യമ അക്കൗണ്ടുകളിൽ ബ്ലോക്ക് ചെയ്യുകയും കോടതിയിൽ നിന്ന് ലോറൻസ് കാംപ്ബെല്ലിൽ നിന്ന് സംരക്ഷണ ഉത്തരവ് നേടിയെടുത്തുവെന്നും കാംപ്ബെല്ലിന്റെ അഭിഭാഷകൻ പറഞ്ഞു.