ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ഗൗതം ഗംഭീർ എത്താൻ സാധ്യത.. താരം മുന്നോട്ടുവെച്ച ഡിമാൻഡുകൾ ബി.സി.സി.ഐ തത്വത്തിൽ അംഗീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടി20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുമെന്ന് ദ്രാവിഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമ ഘട്ടത്തിലാണ് എന്നാണു റിപ്പോർട്ട്.
സപ്പോർട്ട് സ്റ്റാഫിന് പുറമെ ടീമിലും ചില നിർണായക മാറ്റങ്ങൾക്ക് ഗംഭീർ നിർദേശിച്ചതായും വാർത്തയുണ്ട്. വ്യവസ്ഥകൾ ബിസിസിഐ അംഗീകരിച്ചാൽ നിലവിലെ സപ്പോർട്ട് സ്റ്റാഫുകളായ ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ്, ബൗളിംഗ് കോച്ച് പരസ് മാംബ്രെ, ഫീൽഡിംഗ് കോച്ച് ടി ദിലീപ് എന്നിവർ രാഹുൽ ദ്രാവിഡിനൊപ്പം സ്ഥാനമൊഴിയും. കാരണം, സപ്പോർട്ട് സ്റ്റാഫായി താൻ നിർദേശിക്കുന്നവരെ നിയമിക്കണമെന്നാണ് ഗംഭീർ മുന്നിൽവെച്ച പ്രധാന ഉപാധി.
ഐ.പി.എല്ലിന്റെ കഴിഞ്ഞ സീസണിൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്ററായെത്തിയ ഗംഭീർ, കെ.കെ.ആറിനെ കിരീടത്തിലെത്തിച്ചിരുന്നു. ചെന്നൈയിൽ നടന്ന ഐ.പി.എൽ ഫൈനലിന് ശേഷം ബി.സി.സി.ഐ സെക്രട്ടറി ജയ്ഷായും ഗംഭീറും തമ്മിൽ കൂടികാഴ്ച നടത്തിയിരുന്നു. ഇതോടെയാണ് ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ഗംഭീറിനെ പരിഗണിക്കുന്ന കാര്യം പുറത്തായത്.