വ്യവസായ പ്രമുഖൻ ഗൗതം അദാനിയുടെ ഇളയ മകൻ വിവാഹിതനാകുന്നു. ഫെബ്രുവരി ഏഴിനാണ് ഗൗതം അദാനിയുടെ മകൻ ജീത് അദാനിയുടെ വിവാഹം.
വജ്രവ്യാപാരി ജയ്മിൻ ഷായുടെ മകൾ ദിവ ജയ്മിൻ ഷായാണ് വധു. മഹാകുഭമേളയിൽ പങ്കെടുക്കാനായി കുടുംബത്തോടൊപ്പം പ്രയാഗ്‌രാജിലെത്തിയപ്പോഴാണ് ഗൗതം അദാനി മകന്റെ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
ജീത്തിന്റെ വിവാഹത്തിൽ ധാരാളം സെലിബ്രിറ്റികൾ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് ഇല്ലെന്നും ഗൗതം അദാനി പറഞ്ഞു.
വളരെ അടുത്ത കുടുംബാംഗങ്ങൾ മാത്രമേ വിവാഹചടങ്ങിൽ പങ്കെടുക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2023 മാർച്ച് 12നായിരുന്നു ജീതും ദിവ ഷായും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. അദാനിയുടെ ഇളയമകനാണ് ജീത്.
അനന്ത് അംബാനിയുടെ വിവാഹമായിരുന്നു 2024ൽ ഇന്ത്യയിൽ ഏറ്റവും വലിയ ചർച്ചാവിഷയം.
5000 കോടി രൂപ ചിലവഴിച്ച് വലിയ ആർഭാട പൂർവ്വമാണ് അംബാനി വിവാഹം നടന്നത്. റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ രണ്ടാമത്തെ മകൻ അനന്ത് അംബാനിയുടെ ഈ വിവാഹമാമാങ്കത്തെ അദാനിയുടെ മകന്റെ വിവാഹം മറികടക്കും എന്നായിരുന്നു പ്രചരിച്ചിരുന്ന റിപ്പോർട്ടുകൾ.
എന്നാൽ, തന്റെ മകന്റെ വിവാഹം ലളിതമായിട്ടാകും നടത്തുക എന്നാണ് അദാനി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.