പാലക്കാട്: വീടിന് മുന്നിലിരുന്ന് ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിന് ലഹരി സംഘം ഗൃഹനാഥന്‍റെ വീടിന് തീവെച്ചു നശിപ്പിച്ചു. പാലക്കാട് അട്ടപ്പള്ളം ഗണേശപുരത്തെ ഗുരുവായുരപ്പന്‍ എന്നയാളുടെ വീടിനും ബൈക്കിനുമാണ് തീയിട്ടത്. സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.(A gang set fire to the house of a householder who questioned the use of drugs in front of his house)
ഗണേഷപുരം സ്വദേശികളായ സൂര്യപ്രകാശ്, അരുൺ കുമാർ എന്നിവരെയാണ് വാളയാർ പൊലീസ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെ മൂന്നു മണിയോടെ വലിയ ശബ്ദം കേട്ടാണ് ഗുരുവായൂരപ്പൻറെ മകൻ ഇന്ദ്രജിത്ത് മുൻ വാതിൽ തുറന്നത്. വീടിനകത്തേക്ക് തീ ആളിപ്പടർന്നതോടെ കതകടച്ചു. പിൻവാതിലിലൂടെ വീട്ടിലെ മറ്റംഗങ്ങളെ പുറത്തേക്കെത്തിച്ചു. ഇതിനോടകം പോർച്ചിൽ നി൪ത്തിയിട്ട ബൈക്കിലും വീടിന് മുൻ വശത്തും തീ പടർന്നിരുന്നു. ജനൽ ചില്ലുകൾ പൊട്ടിച്ചിതറി.
വീടിനുള്ളിലേക്ക് പടർന്ന തീ നാട്ടുകാരുടെ സഹായത്തോടെയാണ് അണച്ചത്. പക്ഷെ വീടിൻറെ മുൻഭാഗവും ബൈക്കും കസേരകളും പൂർണമായും കത്തി നശിച്ചിരുന്നു. തീയിടുന്നതിനിടെ പ്രതികളിലൊരാൾക്ക് ഗുരുതരമായി പൊള്ളലേറ്റ് ഇയാൾ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. ഇയാളെ ചോദ്യം ചെയ്ത പൊലീസ് കൂടെയുണ്ടായിരുന്നയാളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സമാന രീതിയിൽ നേരത്തെയും പരിസരത്തെ ഓട്ടോറിക്ഷയും ഒരു ബൈക്കും ലഹരി സംഘം തീയിട്ട് നശിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് കഞ്ചാവിൻ്റെ വിൽപനയും ഉപയോഗവും വ്യാപകമാണെന്നാണ് പരാതി.