കൊച്ചി: വളർത്തുനായ കുരച്ചതിൻ്റെ പേരിലുണ്ടായ ആക്രമണത്തെ തുടർന്ന് നാലംഗ സംഘത്തിന്റെ മർദനമേറ്റ യുവാവ് മരിച്ചു. ഇതരസംസ്ഥാനക്കാരായ നാലംഗ സംഘത്തിൻ്റെ മർദനത്തിനിരയായി ചികിൽസയിലായിരുന്ന ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവർ മുല്ലശ്ശേരി കനാൽ റോഡിലെ വിനോദാണ് (52) മരിച്ചത്. വീട്ടുമുറ്റത്തു നിന്ന പട്ടി കുരച്ചതിൻ്റെ പേരിലാണ് നാലംഗ സംഘം വിനോദിനെ ആക്രമിച്ചത്.
മാർച്ച് 27നാണ് സംഭവം. നായ കുരച്ചപ്പോൾ ഇതരസംസ്ഥാനക്കാർ നായയെ ആക്രമിച്ചു. ഇത് ചോദ്യം ചെയ്തതിനാണ് വിനോദിനെ മർദിച്ചത്. പ്രതികൾ നാലുപേരും റിമാൻഡിലാണ്. ആക്രമണത്തിനിടെ കഴുത്തിന് കുത്തിപ്പിടിച്ചതിനെ തുടർന്ന് വിനോദിന്റെ തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയും ബോധ രഹിതനാകുകയുമായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് 11.30 നാണ് മസ്തിഷ്ക മരണ സ്ഥിരീകരിച്ചത്.









