കെഎസ്ആർടിസിയിലെ ജീവനക്കാർ കള്ളു കുടിച്ചോ എന്ന് നോക്കുന്ന സർക്കാർ അവർ കഞ്ഞി കുടിച്ചോ എന്ന് ആദ്യം നോക്കണമെന്ന് എം വിൻസൻ്റ് എംഎൽഎ. നിയമസഭാ സമ്മേളനത്തിനിടെയായിരുന്നു എംഎൽഎ യുടെ പരാമർശം.
തൊട്ടു പിന്നാലെ മറുപടിയുമായി മന്ത്രി ഗണേഷ്‌കുമാർ രംഗത്തെത്തി. കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി ഒറ്റ ഗഡുവായി ശമ്പളം നൽകാൻ സംവിധാനം ഉണ്ടാക്കുമെന്ന് വ്യക്തമാക്കി.(Ganesh Kumar said that a system will be made to pay KSRTC employees in one installment on the first day)
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതി തന്നെ കൊടുക്കാൻ സംവിധാനം വരും. അതിനുള്ള മുന്നൊരുക്കങ്ങൾ നടക്കുകയാണ്. ബാങ്ക് വായ്പ എടുക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ പരിഹരിച്ച് വരികയാണ്. ഡ്രൈവർമാരിൽ പരിശോധന കർശനമായപ്പോൾ അപകട നിരക്ക് വൻതോതിൽ കുറഞ്ഞുവെന്നും ബസ് ഡ്രൈവർമാരെ കള്ളു കുടിച്ച് വണ്ടിയോടിക്കാൻ അനുവദിക്കില്ല എന്നും മന്ത്രി സഭയെ അറിയിച്ചു.
കെഎസ്ആർടിസി ഷോപ്പിംഗ് കോംപ്ലക്സുകളുടെ വ്യവസ്ഥകളിൽ ഇളവ് വരുത്തി പരമാവധി കടകൾ വാടകയ്ക്ക് നൽകാൻ നടപടി എടുക്കും. കെഎസ്ആർടിസി കംഫർട് സ്റ്റേഷനുകൾ സംസ്ഥാന വ്യാപകമായി പരിഷ്കരിക്കും. കെഎസ്ആർടിസിയിൽ നവീകരണ പദ്ധതികൾ ആറ് മാസത്തിനകം നടപ്പാക്കും. കെഎസ്ആർടിസി വിട്ട് പോയ യാത്രക്കാരെ തിരിച്ചെത്തിക്കും. ജനുവരിയിൽ 1600 വണ്ടി ഷെഡിൽ കിടന്നിരുന്നു. ഇപ്പഴത് 500 ൽ താഴെയാണെന്നും മന്ത്രി പറഞ്ഞു.