രാമേശ്വരം: കടലിന് മീതേ നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലം യാഥാർത്ഥ്യമാകുന്നു. രാമനാഥപുരം മണ്ഡപം മുതൽ രാമേശ്വരം വരെയാണ് പുതിയ റെയിൽ പാലം.
ധനുഷ്കോടിയെ പ്രേതനഗരമാക്കുകയും 115യാത്രക്കാരുള്ള ഒരു ട്രെയിൻ കടൽ വിഴുങ്ങുകയും ചെയ്‌ത 1964ലെ ചുഴലിക്കൊടുങ്കാറ്റിൽ തകർന്ന പാമ്പൻ പാലത്തിനു പകരമാണിത്. 110വർഷം പഴക്കമുള്ള നിലവിലെ പാലം സുരക്ഷാ കാരണങ്ങളാൽ 2022 ഡിസംബർ 23നാണ് അടച്ചത്.2.08കിലോമീറ്ററുള്ള പുതിയ പാലം ജൂൺ 30നു മുമ്പ് പൂർത്തിയാകും. ഇതോടെ രാമേശ്വരം, ധനുഷ്കോടി യാത്ര കൂടുതൽ സുഗമമാകും. പാലത്തിന്റെ 2.65 ഡിഗ്രി വളഞ്ഞ വിന്യാസമാണ് പ്രധാന സവിശേഷത. ലിഫ്റ്റ് സ്പാനിന്റെ ഫിക്സിംഗ് പോയിന്റ് നിർമ്മാണം ഈ മാസം പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു.
പുതിയ പാമ്പൻപാലത്തിന് 2019 നവംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടത്. റെയിൽ വികാസ് നിഗം ലിമിറ്റഡാണിനാണ് നിർമ്മാണ ചുമതല. 2020 ഫെബ്രുവരിയിൽ നിർമ്മാണം ആരംഭിച്ചെങ്കിലും കൊവിഡ് വന്നതോടെ നീണ്ടു.1988ൽ റോഡ് പാലം തുറക്കും മുമ്പ് മണ്ഡപത്തേയും രാമേശ്വരം ദ്വീപിനേയും ബന്ധിപ്പിച്ചിരുന്നത് ഈ പാലമായിരുന്നു.
സമുദ്രനിരപ്പിൽ നിന്ന് 12.5 മീറ്റർ ഉയരമുണ്ട് പാലത്തിന്. ഇത് പഴയപാലത്തേക്കാൾ മൂന്ന് മീറ്റർ കൂടുതലാണ്. ബോട്ടുകളും കപ്പലുകളും കടന്നുപോകാനായി മദ്ധ്യത്തിലെ 72.5 മീറ്റർ നീളമുള്ള സ്‌പാൻ കുത്തനെ ഉയരുമെന്നതാണ് വലിയ പ്രത്യേകത. 22 മീറ്റർ വരെ ഉയരമുള്ള കപ്പലുകൾക്ക് പോകാം, 18.3 മീറ്റർ അകലത്തിൽ 100 തൂണുകളിലാണ് പാലത്തിൻ്റെ നിൽപ്പ്. ഭാവിയിൽ പാത ഇരട്ടിപ്പിക്കാം സ്റ്റെയിൻലെസ് സ്റ്റീൽ റീഇൻഫോഴ്സ്‌മെന്റ്, കോമ്പോസിറ്റ് സ്ലീപ്പറുകൾ, ലോംഗ് ലൈഫ് പെയിന്റിംഗ് സിസ്റ്റം തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചിച്ചുണ്ട്.മുമ്പ് ഈ പാലത്തിലൂടെയാണ് സിലോണിലേക്ക് ( ശ്രീലങ്ക) പോയിരുന്നത്. അന്ന് ധനുഷ്‌കോടി വരെ തീവണ്ടി എത്തിയിരുന്നു. അവിടെ നിന്നു 16 കിലോമീറ്റർ മാത്രമാണ് ശ്രീലങ്കയിലേക്ക് ഉള്ളത്. 1964 ഡിസംബർ 22ന് ചുഴലിക്കാറ്റ് ധനുഷ്‌കോടിയെ തകർത്തു. 115 യാത്രക്കാരുള്ള ട്രെയിൻ കടലെടുക്കുകയായിരുന്നു. പാമ്പൻ പാലത്തിന് കേട്പാടുകൾ പറ്റിയെങ്കിലും തുറക്കുന്ന ഭാഗം തകർന്നില്ല. അന്ന് റെയിൽവേ എൻജിനീയറായിരുന്ന മെട്രോമാൻ ഇ. ശ്രീധരന്റെ മേൽനോട്ടത്തിൽ 46ദിവസം കൊണ്ടാണ് പാലത്തിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയത്.