ഡൽഹി: സംസ്ഥാനത്ത് ഭൂമി തരം മാറ്റലിന് ഇനി ചെലവേറും. 25 സെന്റിൽ കൂടുതലുള്ള കൃഷി ഭൂമി വാണിജ്യാവശ്യത്തിനായി തരം മാറ്റുമ്പോൾ മൊത്തം ഭൂമിയുടെ ന്യായവിലയുടെ പത്ത് ശതമാനം ഫീസ് ആയി നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
25 സെന്റ് ശേഷമുള്ള അധിക ഭൂമിക്കു മാത്രം ഫീസ് നൽകിയാൽ മതിയെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസ് മാരായ സഞ്ജയ് കരോൾ, മൻമോഹൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.
തണ്ണീർത്തട സംരക്ഷണ നിയമത്തിലെ 27 എ വകുപ്പ് പ്രകാരം 25 സെന്റ് വരെയുള്ള ഭൂമിക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്നും അതിൽ കൂടുതലുള്ള ഭൂമി തരം മാറ്റുകയാണെങ്കിൽ ആകെയുള്ള ഭൂമിയുടെ 10% ന്യായവില അനുസരിച്ച് ഫീസ് നല്കണമെന്നുമാണ് സംസ്ഥാന സർക്കാർ പുറത്തിറക്കിയിരുന്ന സർക്കുലറിൽ വ്യക്തമാക്കിയിരുന്നത്. സംസ്ഥാന സർക്കാരിന്റെ സർക്കുലർ നേരത്തെ ഹൈക്കോടതി റദ്ധാക്കിയതിനെതിരെ സംസ്ഥാനം നൽകിയ അപ്പീലിൽ ആണ് സുപ്രീം കോടതി ഉത്തരവ്.