തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് മാർച്ച് ഒന്നു മുതൽ ജയിലിൽ നിന്ന് ബി.എസ്.എൻ.എൽ കണക്ഷനുള്ള നമ്പറിലേക്ക് മാത്രമേ വിളിക്കാൻ സാധിക്കൂ.
ഇതുസംബന്ധിച്ച പുതിയ നിർദ്ദേശം ജയിൽ മേധാവി ബൽറാം കുമാർ ഉപാദ്ധ്യായ പുറത്തിറക്കി. തടവുകാർക്ക് ബന്ധുക്കൾ, സുഹൃത്തുക്കൾ, അഭിഭാഷകർ എന്നിവരെ ബന്ധപ്പെടണമെങ്കിൽ അവർക്ക് ബി.എസ്.എൻ.എൽ കണക്ഷൻ ഉണ്ടായിരിക്കണം എന്നാണ് പുതിയ നിർദേശത്തിൽ പറയുന്നത്.
ചില തടവുകാർ ജയിലിൽ നൽകിയിട്ടുള്ള നമ്പറിൽ വിളിച്ചശേഷം കോൺഫറൻസ് കോളിലൂടെ കുറ്റകൃത്യങ്ങൾ ഏകോപിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് അതിന് തടയിടാനാണിത്.
ബി.എസ്.എൻ.എല്ലിലും കോൺഫറൻസ് കോളുകൾ വിളിക്കാൻ കഴിയുമെങ്കിലും ഈ സംവിധാനം കട്ട് ചെയ്യാൻ കമ്പനിയുമായി ജയിൽ അധികൃതർ ധാരണയിലെത്തി. അലൻ എന്ന കമ്പനിയാണ് ജയിൽ വകുപ്പിന്റെ ടെലിഫോൺ സേവനങ്ങൾ നിലവിൽ കൈകാര്യം ചെയ്യുന്നത്.
സംസ്ഥാനത്തെ മൂന്ന് സെൻട്രൽ ജയിലുകളിലും തടവുകാർക്ക് ഔദ്യോഗികമായി പുറത്തേക്ക് വിളിക്കാവുന്ന ഫോണുകളിലെ എല്ലാ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുന്നുണ്ട്.
എന്നാൽ മറ്റിടങ്ങളിൽ ഇതിന് സംവിധാനമില്ല. അതുകൊണ്ടാണ് മുഴുവൻ ജയിലിലും ഈ സംവിധാനം കൊണ്ടുവരുന്നതെന്നാണ് ജയിൽ അധികൃതർ പറയുന്നത്.
2021ൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്ന് ഔദ്യോഗിക ഫോൺ ഉപയോഗിച്ച് ഹാഷീഷ് ഓയിൽ കടത്തിലെ പ്രതി ലഹരിക്കച്ചവടത്തിന് ഏകോപനം നടത്തിയെന്ന് കണ്ടെത്തിയിരുന്നു. എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ഇത് കണ്ടെത്തിയതിനെ തുടർന്ന് പ്രതി അറസ്റ്റിലാവുകയും ചെയ്തിരുന്നു.
ഏറ്റവും അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ഉൾപ്പെടെ മൂന്ന് പേരെ മാത്രമേ തടവുകാർക്ക് വിളിക്കാൻ സാധിക്കു.
ഇതിനായി ഈ നമ്പരുകൾ ചേർത്ത സ്മാർട്ട് കാർഡ് തടവുകാർക്ക് നൽകിയിട്ടുണ്ട്. ഈ നമ്പരുകൾ പരിശോധിച്ച് ജയിൽ അധികൃതരാണ് ഇത് രജിസ്റ്റർ ചെയ്തു നൽകുന്നത്. സ്മാർട്ട് കാർഡ് വഴി ഒരു മാസം 450 രൂപയ്ക്ക് വിളിക്കം.