പരിശോധനക്കിടെ രൂപംമാറ്റിയ ബൈക്കിൽ ട്രിപ്പിളടിച്ച് ഫ്രീക്കൻമാർ
ഇടുക്കിയിൽ ഓഫ്‌റോഡ് ജീപ്പുകളുടെ ഫിറ്റ്‌നെസ് പരിശോധനക്കിടെ ട്രിപ്പിളടിച്ച് രൂപമാറ്റം വരുത്തിയ ബൈക്കിലെത്തിയ യുവാക്കൾ എംവിഡിയുടെ മുന്നിൽ പെട്ടു.
വാഹനം കസ്റ്റഡിയിലെടുത്ത എംവിഡി യുവാക്കളെ ചോദ്യം ചെയ്തപ്പോൾ വാഹനം മറ്റൊരാളുടെ പേരിൽ. ആർസി ഓണറെ വിളിച്ചു വരുത്തിയതോടെ കഥമാറി.
താൻ മാസങ്ങൾക്ക് മുൻപ് ബൈക്ക് യുവാക്കൾക്ക് വിറ്റതാണെന്നും രജിസ്ട്രഷനിൽ പേര് മാറ്റാൻ വാഹന ഉടമകൾ തയാറായില്ലെന്നും ആർസി ഓണർ അറിയിച്ചു. ഇതോടെ ബൈക്ക് ഉടുമ്പൻചോല ആർടിഒ ഓഫീസ് വളപ്പിലേക്ക് മാറ്റി.
വിദ്യാർഥിയെ ബസിടിപ്പിക്കാൻ ശ്രമിച്ച് കെഎസ്ആർടിസി ഡ്രൈവർ
ആലപ്പുഴ: ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചതിനെതിരെ പ്രതിഷേധിച്ച വിദ്യാർഥിയെ ബസ്സിടിപ്പിക്കാൻ ശ്രമിച്ച് കെഎസ്ആർടിസി ഡ്രൈവർ.
ആലപ്പുഴ അരൂരിലാണ് സംഭവം. വിദ്യാർത്ഥിയെ ബസിടിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
കോതമംഗലത്ത് കോളേജ് വിദ്യാർഥിയായ യദുകൃഷ്ണന്റെ ദേഹത്തേക്കാണ് തിരുവനന്തപുരം – അങ്കമാലി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ചെളിവെള്ളം തെറിപ്പിച്ചത്. അരൂരിലെ സ്വകാര്യ ഹോട്ടലിനു മുന്നിൽ വെച്ചായിരുന്നു സംഭവം.
ബൈക്കിൽ തൃപ്പൂണിത്തുറയിലേക്കു പോവുകയായിരുന്നു യദുകൃഷ്ണൻ. എന്നാൽ വസ്ത്രങ്ങളിൽ ചെളി പുരണ്ടതിനാൽ കോളജിലേക്കുള്ള യാത്ര മുടങ്ങുന്ന സ്ഥിതിയായി.
ഇതോടെ വിദ്യാർഥി ബസിനെ പിന്തുടർന്നെത്തി മുന്നിൽ കയറിനിന്ന് പ്രതിഷേധിക്കുകയായിരുന്നു. എന്നാൽ, ഡ്രൈവർ ഇത് അവഗണിച്ച് വാഹനം മുന്നോട്ടെടുക്കാൻ ശ്രമിച്ചു.
സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് വിദ്യാർഥിയുടെ കുടുംബം അറിയിച്ചിട്ടുണ്ട്.
കെഎസ്ആർടിസി ബസിന് നേരെ ഹെൽമറ്റ് എറിഞ്ഞു
കായംകുളം: കായംകുളത്ത് കെഎസ്ആർടിസി ബസിന് നേരെ ഹെൽമെറ്റ് എറിഞ്ഞ് ഗ്ലാസ് പൊട്ടിച്ച കേസിൽ ഗുണ്ടകളെ അറസ്റ്റ് ചെയ്തു.
ചേപ്പാട് കന്നിമേൽ ഷജീന മൻസിൽ ഷാജഹാൻ(39), മുതുകുളം ചിറ്റേഴത്ത് വീട്ടിൽ ആന ശരത് എന്ന് വിളിക്കുന്ന ശരത് (35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വണ്ടാനം മെഡിക്കൽ കോളേജിൽ നിന്ന് കരുനാഗപ്പള്ളിയിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ഓർഡിനറി ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. കായംകുളം കൊറ്റുകുളങ്ങര ഭാഗത്ത് വച്ചാണ് സംഭവം.
വഴി മാറി കൊടുത്തില്ലെന്ന് ആരോപിച്ച് ബൈക്കിൽ വന്ന പ്രതികൾ ഹെൽമെറ്റ് വലിച്ചെറിഞ്ഞ് ബസിന്റെ മുൻവശത്തെ ഗ്ലാസ് തകർക്കുകയായിരുന്നു.
സംഭവത്തിൽ ബസ് ഡ്രൈവർക്കും യാത്രക്കാരിക്കും പരിക്കേൽക്കുകയും ചെയ്തു.
ആക്രമണത്തിന് ശേഹം രക്ഷപ്പെട്ട പ്രതികളെ കനകക്കുന്ന് പൊലീസിന്റെ സഹായത്തോടെ അതിസാഹസികമായാണ് പിടികൂടിയത്.
പിടിയിലായ ആന ശരത് കനകക്കുന്ന്, കരീലക്കുളങ്ങര, തൃശൂർ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയും കാപ്പ നിയമ പ്രകാരം നടപടി നേരിട്ടിട്ടുള്ളയാളുമാണ്.
ഷാജഹാൻ കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയാണ്.
കായംകുളം സി ഐ അരുൺ ഷാ, എസ് ഐമാരായ രതീഷ് ബാബു, കൃഷ്ണലാൽ, വിനോദ്, നിയാസ്, എ എസ് ഐ ഹരി, പോലീസ് ഉദ്യോഗസ്ഥരായ അരുൺ, മനു, പ്രശാന്ത്, അനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.