കോട്ടയം: വഖഫ് വിഷയത്തിൽ മലക്കം മറിഞ്ഞ് ഫ്രാൻസിസ് ജോർജ് എം.പി. വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ പിന്തുണയ്ക്കുമെന്നല്ല പറഞ്ഞതെന്നും ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന പ്രചരണം ശുദ്ധ അസംബന്ധമാണെന്നും ഫ്രാൻസിസ് ജോർജ് എം.പി.
വഖഫ് ബോർഡ് പ്രവർത്തനം സുതാര്യമായി മുന്നോട്ടുപോകണമെന്നും അഭിപ്രായവ്യത്യാസമുണ്ടായാൽ പരിഹരിക്കാൻ ട്രിബ്യൂണലിന് മുകളിൽ അപ്പീൽ നൽകാനുള്ള സംവിധാനം വേണമെന്നുമാണ് തന്റെയും പാർട്ടിയുടെയും നിലപാടെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
നീതിന്യായ വ്യവസ്ഥയ്ക്ക് വിധേയമായി ഇത്തരം വിഷയങ്ങളിൽ തീർപ്പുണ്ടാകണം. ഒരു പൗരന്റെ അടിസ്ഥാന അവകാശങ്ങളിൽ കോട്ടം സംഭവിക്കരുത്. ബില്ലിന്റെ വിശദാംശങ്ങൾ പരിഗണിച്ച് എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റു മതസ്ഥരെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തണമെന്നാണ് ബില്ലിലെങ്കിൽ എതിർക്കും. വഖഫ് ഭൂമികൾ സംരക്ഷിക്കുന്നതിന് വീഴ്ച വരുത്തുന്ന രീതിയിലുള്ള വ്യവസ്ഥകൾ ഉണ്ടെങ്കിലും പിന്തുണ നൽകില്ല.
ന്യൂനപക്ഷങ്ങൾ ഒന്നിച്ചുനിൽക്കേണ്ട കാലമാണ്. മണിപുർ പ്രശ്നങ്ങൾ മുന്നിലുണ്ട്. ന്യൂനപക്ഷങ്ങളുടെ ഇടയിൽ ഒരു ഭിന്നതയുണ്ടാകാതെ യോജിച്ചുനിൽക്കണമെന്നാണ് ചിന്ത.
സദുദ്ദേശത്തോടെയാണ് അഭിപ്രായം പറഞ്ഞത്, തെറ്റിദ്ധാരണ ഉണ്ടാവരുതെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. കേന്ദ്ര വഖഫ് നിയമത്തെ പാർലമന്റിൽ പിന്തുണക്കും.
ഒരു ജനപ്രതിനിധി എന്ന നിലയിലും ഒരു രാഷ്ട്രീയപ്പാർട്ടി പ്രതിനിധി എന്ന നിലയിലും പുതിയ കേന്ദ്ര വഖ്ഫ് നിയമത്തോട് നൂറ് ശതമാനം യോജിക്കുന്നു. തന്റെയും പാർട്ടിയുടെയും സുവ്യക്തമായ നിലപാട് അതാണ്.
പാർലമെന്റിൽ ബിൽ വരുമ്പോൾ ആ നിലപാട് വ്യക്തമാക്കി പിന്തുണക്കുമെന്നുമായിരുന്നു മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന റിലേ നിരാഹാര സത്യാഗ്രഹ സമരത്തിൽ അദ്ദേഹം പറഞ്ഞത്.
മുനമ്പത്ത് സ്വാഭാവിക നീതി ഉറപ്പാക്കണം. അതിൽ മായം ചേർക്കരുത്. അക്കാര്യത്തിൽ വളരെ ഉറച്ച നിലപാടുകാരാണ് തങ്ങൾ. ബില്ലിന്റെ ചർച്ച നടക്കുമ്പോൾ ഇക്കാര്യങ്ങളിൽ ഉറച്ച നിലപാട് സ്വീകരിക്കും.
അതിലൂടെ ശാശ്വത പരിഹാരമുണ്ടാക്കാൻ കഴിയും. കേന്ദ്രസർക്കാർ സമ്മർദങ്ങൾക്കു വഴങ്ങി ഈ ബില്ല് അവതരണത്തിൽനിന്ന് പിന്നോട്ടുപോവരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.