കാർ ഇടിച്ചു കയറി നാലുവയസ്സുകാരന് ദാരുണാന്ത്യം
കോട്ടയം: കാർ ചാര്‍ജിങ് സ്റ്റേഷനിലേക്ക് ഇടിച്ചു കയറി നാലുവയസ്സുകാരന്‍ മരിച്ചു. വാഗമണ്‍ വഴിക്കടവിലാണ് ദാരുണ സംഭവം നടന്നത്. നേമം സ്വദേശി ആര്യയുടെ മകന്‍ അയാന്‍ ആണ് മരിച്ചത്.
അപകടത്തിൽ ആര്യയ്ക്കും ഗുരുതരമായി പരിക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു അപകടമുണ്ടായത്.
കാര്‍ ചാര്‍ജ് ചെയ്യാന്‍ നിര്‍ത്തിയിട്ട് ചാര്‍ജിങ് സ്‌റ്റേഷന്റെ മറ്റൊരു ഭാഗത്ത് കസേരയില്‍ ഇരിക്കുകയായിരുന്നു ആര്യയും മകനും. ഇതിനിടെ ചാര്‍ജ് ചെയ്യാന്‍ എത്തിയ മറ്റൊരു കാര്‍ നിയന്ത്രണം വിട്ട് ഇവരുടെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ആര്യയെ പാലായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അയാനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പാല പോളിടെക്‌നിക് കോളേജിലെ അധ്യാപികയാണ് ആര്യ. അപകടമുണ്ടാക്കിയ കാര്‍ ഈരാറ്റുപേട്ട സ്വദേശിയുടേതാണ് എന്നാണ് ലഭ്യമായ വിവരം.
മൂവാറ്റുപുഴയിൽ വാഹനാപകടം
കൊച്ചി: മൂവാറ്റുപുഴയിൽ സ്വകാര്യ ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് 25 ഓളം പേർക്ക് പരുക്കേറ്റു. ആരുടേയും നില ഗുരുതരമല്ലന്നാണ് വിവരം.
ശനിയാഴ്ച്ച രാവിലെ പോത്താനിക്കാട് മൂവാറ്റുപുഴ റോഡിൽ കക്കടശ്ശേരിയിലാണ് അപകടം സംഭവിച്ചത്.
മൂവാറ്റുപുഴയിലേക്ക് പോകുകയായിരുന്ന ബസും എതിർ ദിശയിൽ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയിൽ വാങ്ങൽ ഭാഗീകമായി തകർന്നു. രാവിലെ 8 മണിക്കാണ് അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ബസിലെ യാത്രക്കാർക്കും ലോറി ഡ്രൈവർക്കുമാണ് അപകടത്തിൽ പരുക്കേറ്റത്. പരുക്കേറ്റവരെ കോതമംഗലത്തെയും മൂവാറ്റുപുഴയിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ബൈക്കിന് തീപിടിച്ചു;യുവാവ് മരിച്ചു
പത്തനംതിട്ട: ഓടിക്കൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ചതിനെത്തുടർന്ന് പൊള്ളലേറ്റ ചികിത്സയിലാരുന്ന യുവാവ് മരിച്ചു. പത്തനംതിട്ട അങ്ങാടിക്കൽ തെക്ക് സ്വദേശി രാജനാണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച വർക് ഷോപ്പിലേക്ക് പോകവേ പറക്കോട് ബ്ലോക്ക് ഓഫീസിന് സമീപത്ത് വെച്ചാണ് രാജൻ ഓടിച്ചിരുന്ന ഇരു ചക്രവാഹനത്തിന് തീപിടിച്ചത്.
അറ്റകുറ്റപ്പണികൾക്കായി ബൈക്ക് വർക്ക് ഷോപ്പിലേക്ക് കൊണ്ടുപോകുന്നതിനിടെ തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ആയിരുന്നു അപകടം.
അപ്രതീക്ഷിതമായി ബൈക്കിന് തീപിടിച്ചതിനാൽ രാജന് ബൈക്കിൽ നിന്ന് ഇറങ്ങാനായില്ല.
ഇതോടെ ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറിനെ നേതൃത്വത്തിലുള്ള സംഘമാണ് രാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബ്ലോക്ക് പഞ്ചായത്തിന്റെ വാഹനത്തിൽ അടൂർ ജനറൽ ആശുപത്രിൽ പ്രവേശിപ്പിച്ച രാജന്റെ നില അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സ നൽകാനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
കാർ പൊട്ടിത്തെറി; രണ്ടു കുട്ടികൾ മരിച്ചു
പാലക്കാട്: കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടികൾ മരിച്ചു. എമിലീന മരിയ മാർട്ടിൻ, ആൽഫ്രഡ് പാർപ്പിൻ എന്നിവരാണ് മരിച്ചത്.
അപകടത്തിൽ പൊൽപ്പുളളി കൈപ്പക്കോട് സ്വദേശി എൽസി മാർട്ടിൻ ചികിത്സയിൽ തുടരുകയാണ്. മൂവർക്കും 90 ശതമാനത്തിലധികം പൊളളലേറ്റിരുന്നു.
എൽസിയുടെ മുതിർന്ന കുട്ടിയ്ക്ക് നിസാര പരിക്കുകളുണ്ട്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ദാരുണ സംഭവം നടന്നത്.
സ്വകാര്യ ആശുപത്രിയിൽ നഴ്‌സായ എല്‍സി മക്കളുമായി പുറത്ത് പോകാന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ഉടനെയാണ് തീപിടിച്ചത്.
അപകടത്തിൽ എല്‍സിയുടെ മൂത്തമകള്‍ പത്ത് വയസുകാരി അലീനയ്ക്കും, എല്‍സിയുടെ അമ്മ ഡെയ്‌സിക്കും പരിക്കേറ്റിരുന്നു.
Summary: A tragic accident occurred in Vagamon, Vazhikkadavu, where a four-year-old boy lost his life after a car rammed into an EV charging station. The deceased has been identified as Ayaan, son of Arya from Nemom.