വയനാട്: വയനാട്മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് പ്രഖ്യാപിച്ചിരുന്ന 300 രൂപ ധനസഹായം മുടങ്ങിയിട്ട് നാല് മാസം. വയനാട് വിഷയം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിയമസഭയിൽ ഉന്നയിച്ചപ്പോൾ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചാൽ മാത്രമേ തുക നീട്ടാൻ കഴിയൂ എന്നായിരുന്നു റവന്യൂ മന്ത്രി കെ. രാജന്റെ മറുപടി.
ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ രണ്ടുപേർക്ക് ജീവനോപാധി നഷ്ടമായതിനാൽ ദിവസം 300 രൂപ സഹായമാണ് അവർക്ക് നൽകിയിരുന്നത്. ആദ്യം മൂന്നുമാസം നൽകിയ സഹായം തുടർന്നും നൽകണമെന്ന ആവശ്യം ശക്തമായതോടെയാണ് പിന്നീട് 9 മാസത്തേക്ക് നീട്ടാൻ തീരുമാനമായത്.
സഹായം നീട്ടുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് സർക്കാർ പുറത്തിറക്കിയിരുന്നെങ്കിലും ധനസഹായം വിതരണം ചെയ്തില്ലെന്നാണ് ആക്ഷേപം. 9 മാസത്തേക്ക് സഹായം നീട്ടിയപ്പോൾ അത് എങ്ങനെ വിതരണം ചെയ്യണം എന്നത് സംബന്ധിച്ച് ജില്ലാ ഭരണകൂടം സർക്കാരിനോട് ആരാഞ്ഞിരുന്നു.
എന്നാൽ ഇതിനും ഇതുവരെ മറുപടി കിട്ടിയിട്ടില്ല. ഇത്തരമൊരു ദുരന്തം ഉണ്ടായാൽ മൂന്നുമാസത്തേക്ക് പണം നൽകാനുള്ള അധികാരം നിയമപ്രകാരം കെഎസ്‌ഡിഎംഎയ്ക്ക് ഉണ്ടെന്നും അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചാൽ മാത്രമേ തുക നീട്ടാൻ കഴിയൂ എന്നുമാണ് റവന്യു മന്ത്രി നിലവിൽ പറയുന്നത്. ഇതോടെ ദുരന്തബാധിതർ സാമ്പത്തിക പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.
എന്നാൽ വയനാട് ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന് തറക്കല്ലിടൽ ഈ മാസം നടക്കും. മാർച്ച് 27ന് തറക്കല്ലിടുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ ചൊവ്വാഴ്ച നിയമസഭയിൽ അറിയിച്ചിരുന്നു. അഭിമാനകരമായ ദുരന്ത ദിവാരണ പ്രക്രിയയിലാണ് സർക്കാരെന്നും മന്ത്രി പറഞ്ഞിരുന്നു. കൃത്യം മാനദണ്ഡങ്ങൾ പാലിച്ചാണ് ഇവരുടെ പുനരധിവാസ പട്ടിക തയ്യാറാക്കിയത്. 120 കോടി രൂപ ഉപയോഗിച്ച് റോഡുകൾ പുനർനിർമ്മിക്കുമെന്നും മന്ത്രി അറിയിച്ചു.
വയനാടിനായി രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കുമെന്നും എല്ലാവരും ഒരുമിച്ച് തന്നെ ഇക്കാര്യത്തിനായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ടോപ്പോഗ്രാഫിക്കൽ സർവേയും ജിയോളജിക്കൽ സർവേയും ഹൈഡ്രോളജിക്കൽ സർവേയും സോയിൽ ടെസ്റ്റിങ്ങും കഴിഞ്ഞ് ബോണ്ട് അനുസരിച്ച് ഭൂമി ഏറ്റെടുക്കൽ പൂർത്തിയായെന്നും അദ്ദേഹം നിയമസഭയിൽ അറിയിച്ചു.
കടങ്ങൾ എഴുതി തള്ളുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നുവെന്നും കേന്ദ്രത്തിന്റെ നിലപാട് വിമർശനാത്മകമാണെന്നും ചൂരൽമലയിൽ നിങ്ങൾ ഞങ്ങൾ എന്നൊന്നുമില്ലെന്നും പ്രതിപക്ഷത്തോടൊപ്പം ഒരുമിച്ച് കൂട്ടായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.