ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻമന്ത്രി എം.എം. മണിയുടെ ആരോഗ്യനില തൃപ്തികരം. ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളെത്തുടർന്ന് കുറച്ചുനേരം വെന്റിലേറ്ററിലാക്കിയിരുന്നെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
മധുരയിൽ 24-ാം പാർട്ടി കോൺഗ്രസിനിടെ വ്യാഴാഴ്ച രാത്രിയോടെയാണ് എം.എം. മണിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തോക്ക് വൃത്തിയാക്കുന്നതിനിടെ കയ്യിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടി; തലശ്ശേരിയിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരുക്ക്, സിപിഒ സസ്‌പെൻഷനിൽ
തലശ്ശേരി: തോക്ക് വൃത്തിയാക്കുന്നതിനിടെ സിവിൽ പൊലീസ് ഓഫിസറുടെ(സിപിഒ) കയ്യിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടി. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്കു പരിക്ക്. ബുധനാഴ്ചയാണു സംഭവം. വൃത്തിയാക്കുന്നതിനിടെ നിലത്തുവീണ തോക്ക് തിരിച്ചെടുക്കുമ്പോൾ അബദ്ധത്തിൽ വെടിപൊട്ടി വെടിയുണ്ട തറയിൽ കൊള്ളുകയായിരുന്നു.
വെടിയുണ്ടയേറ്റ് തറയിലെ സിമന്റ് ചീള് തറച്ചാണ് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരുക്കേറ്റതെന്ന് പൊലീസ് പറയുന്നു. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥ പെരുന്താറ്റിലെ ലിജിഷയ്ക്ക് ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി.
സംഭവത്തിൽ അശ്രദ്ധമായി തോക്ക് കൈകാര്യം ചെയ്തതിന് സിവിൽ പൊലീസ് ഓഫിസർ സുബിനെ സസ്പെൻഡ് ചെയ്തു. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻരാജിന്റേതാണ് നടപടി.