തിരുവനന്തപുരം: മയക്കുമരുന്നിലും വ്യാജന്മാരുണ്ടെന്ന വെളിപ്പെടുത്തലുമായി മുൻ എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. എൻ.രാമചന്ദ്രൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവത്കരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എം.ഡി.എം.എ എന്ന പേരിൽ നമ്മുടെ നാട്ടിൽ വില്പന നടത്തുന്ന സാധനം വ്യാജമാണ്. മൈസൂർ,ബെംഗളൂരൂ ലാബുകളിലാണ് ഇത് നിർമ്മിക്കുന്നത്. ഇവയിൽ ലഹരി മൂർഛിക്കാൻ വേണ്ടി എലിവിഷം വരെ ചേർക്കുന്നുണ്ടെന്ന് തനിക്ക് വിദഗ്ദ്ധരിൽ നിന്ന് മനസിലാക്കാൻ കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.
നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിൽ നിയന്ത്രണമില്ലാതെ ലഹരി ഉപയോഗമുണ്ട്. പൊലീസുകാരുടെ എണ്ണം കുറവായതിനാൽ പരിശോധനയില്ല. ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്നറിയാൻ രക്ത,മൂത്ര സാമ്പിളുകൾ പരിശോധിച്ച റിസൾട്ടുകളെ കോടതിയിൽ നിലനിൽക്കുകയുള്ളു.
ലഹരി ഉപയോഗിച്ചതിന് കഴിഞ്ഞ ദിവസം ഒരു സിനിമ താരത്തിന്റെ മുടിയും നഖവും പരിശോധനയ്ക്ക് അയച്ചുവെന്ന സദസിലുള്ള ചോദ്യത്തിനോട് അത് വെറും മണ്ടത്തരാമാണെന്നും ഋഷിരാജ് സിംഗ് പ്രതികരിച്ചു.
കുട്ടികളുടെ ലഹരി ഉപയോഗം കണ്ടെത്തി അത് ഇല്ലാതാക്കേണ്ടത് മാതാപിതാക്കളും അദ്ധ്യാപകരുമാണെന്നും എല്ലാവരും ഒരുമിച്ചാലെ ലഹരി തടയാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലാണ് ലഹരിയ്‌ക്കെതിരെ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കവി പ്രഭാവർമ്മ ഋഷിരാജ് സിംഗിന് ഫൗണ്ടേഷന്റെ ഉപഹാരം നൽകി ആദരിച്ചു.