മുൻ സിപിഎം എംഎൽഎ ഐഷ പോറ്റി കോൺഗ്രസിൽ
തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നു. യുഡിഎഫ് സഹകരണ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഐഷ പോറ്റി കോൺഗ്രസ് സമരവേദിയിലെത്തി പാർട്ടിയിൽ അംഗത്വം സ്വീകരിച്ചത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഐഷ പോറ്റിയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തത്. സമരവേദിയിൽ വച്ച് ഔദ്യോഗികമായി കോൺഗ്രസ് അംഗത്വം നൽകിയതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ ഈ നീക്കം ശ്രദ്ധേയമായി.
കൊട്ടാരക്കര മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥിയായി ഐഷ പോറ്റി മത്സരിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി ഇന്നലെ തിരുവനന്തപുരത്ത് നടന്ന കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായതെന്ന് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നു.
ഈ കൂടിക്കാഴ്ചയ്ക്കുശേഷമാണ് കോൺഗ്രസ് വേദിയിൽ എത്തി ഐഷ പോറ്റി പാർട്ടിയിൽ ചേർന്നത്. ബാലകൃഷ്ണപിള്ളയെ പരാജയപ്പെടുത്തി രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ തുടക്കം കുറിച്ച നേതാവാണ് ഐഷ പോറ്റി.
മൂന്ന് തവണ കൊട്ടാരക്കര മണ്ഡലത്തിൽ നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട അവർ, സിപിഎമ്മിലെ ശക്തയായ വനിതാ നേതാക്കളിൽ ഒരാളായിരുന്നു.
എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സീറ്റ് നിഷേധിച്ചതോടെയാണ് ഐഷ പോറ്റി സിപിഎമ്മിൽ നിന്നും അകന്നത്. ഇതിന് പിന്നാലെ അവർ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറഞ്ഞത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
ഐഷ പോറ്റിയുടെ കോൺഗ്രസ് പ്രവേശനം സന്തോഷകരമായ നിമിഷമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിൽ വലിയ മാറ്റങ്ങളാണ് നടക്കുന്നതെന്നും, പുതിയ നേതാക്കളുടെ വരവ് പാർട്ടിക്ക് ശക്തി പകരുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
അതേസമയം, കോൺഗ്രസ് അംഗത്വം സ്വീകരിച്ചതിനെ തുടർന്ന് കടുത്തതും മ്ലേച്ഛമായതുമായ സോഷ്യൽ മീഡിയ ആക്രമണം പ്രതീക്ഷിക്കുന്നതായി ഐഷ പോറ്റി തുറന്നുപറഞ്ഞു.
തന്റെ തീരുമാനം ചില പ്രിയപ്പെട്ട സഖാക്കൾക്ക് വിഷമമുണ്ടാക്കുന്നതാണെന്നും അവർ പറഞ്ഞു. സിപിഎമ്മിൽ ‘ഡിസിഷൻ മേക്കേഴ്സ്’ ആയ ചിലരോടായിരുന്നു പ്രശ്നമെന്നും, ആരെയും വ്യക്തിപരമായി കുറ്റപ്പെടുത്താൻ തനിക്ക് താൽപര്യമില്ലെന്നും ഐഷ പോറ്റി വ്യക്തമാക്കി.
തനിക്കെതിരെ ‘വർഗ്ഗ വഞ്ചക’ എന്ന ആരോപണം ഉയരാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ ഐഷ പോറ്റി, എങ്കിലും എപ്പോഴും മനുഷ്യപക്ഷത്താണ് തന്റെ രാഷ്ട്രീയം നിലകൊള്ളുന്നതെന്നും വ്യക്തമാക്കി.
വലിയ മന്ത്രിയായാലും മനുഷ്യരോട് ഇടപെടുന്നതിൽ ബുദ്ധിമുട്ട് എന്തിനാണെന്ന ചോദ്യവും അവർ ഉന്നയിച്ചു. കോൺഗ്രസിലെ തന്റെ രാഷ്ട്രീയ യാത്ര മനുഷ്യപക്ഷ നിലപാടുകളോടെ മുന്നോട്ട് പോകുമെന്ന് ഐഷ പോറ്റി കൂട്ടിച്ചേർത്തു.









