തിരുവനന്തപുരം: മൂടിയില്ലാത്ത ഓടയിൽ വീണ് സെക്രട്ടേറിയറ്റിലെ മുൻ അഡിഷണൽ സെക്രട്ടറി വി.എസ്. ശൈലജയ്ക്ക് (72) ദാരുണാന്ത്യം.
ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. കാൽനടയാത്രക്കിടെ ശ്രീകാര്യം ഇടവക്കോട് പത്മ ഹോളാേ ബ്രിക്സിന് സമീപത്തുള്ള ഓടയിൽ വീഴുകയായിരുന്നു.
ഒന്നരമീറ്ററിലേറെ ആഴമുള്ള ഓടയിൽ മരിച്ച നിലയിൽ ഇന്നലെ രാവിലെ നാട്ടുകാരാണ് ഇവരെ കണ്ടെത്തിയത്.സമീപത്തെ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് വീണത് തലേ ദിവസം രാത്രിയാണെന്ന് മനസിലായത്. ഓടയുടെ വക്കിൽ തലഇടിച്ച് തലയ്ക്കേറ്റ മുറിവിൽ നിന്ന് ചോര വാർന്ന് മരിക്കുകയായിരുന്നു.
തിരുവനന്തപുരം തേക്കുംമൂട് കണ്ടത്തിങ്കൽ ടി.ആർ.എ- 66 എ വീട്ടിൽ കേരള ആഗ്രോ ഇൻഡട്രീസ് കോർപ്പറേഷൻ മാനേജരായിരുന്ന സി.എസ്.സുശീലൻ പണിക്കരുടെ ഭാര്യയാണ്.
കല്ലംപള്ളി പ്രതിഭ നഗറിൽ താമസിക്കുന്ന മകൾ ഡോ. അഞ്ജുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഭർത്താവും അന്ന് മകളുടെ വീട്ടിലായിരുന്നു. എന്നാൽ, ശൈലജ വരുന്ന വിവരം ഇവർ അറിഞ്ഞിരുന്നില്ല. കുടുംബ വീട്ടിൽ ഉണ്ടാവുമെന്നാണ് ഇവർ കരുതിയിരുന്നത്.
തേക്കുംമൂട്ടിലെ വീട്ടിൽ നിന്നു ഓട്ടോയിൽ രാത്രി ഏഴരയോടെ മകളുടെ വീടിനു സമീപത്തെ ഇടറോഡിൽ ഇറങ്ങിയ ശേഷം പ്രതിഭ നഗറിലേക്ക് നടക്കവേ, വഴിയിൽ നായയെ കണ്ട് ഭയന്ന് വലത്തോട്ടുള്ള മുളവൂർ ലൈനിലേക്ക് നടക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്.
ഇവിടെഓടയിൽ നടുഭാഗത്തായി രണ്ടു സ്ളാബുകൾ ഇല്ലാത്ത ഭാഗത്താണ് വീണത്. രാത്രിയിൽ ഈ ഭാഗത്ത് വെളിച്ചക്കുറവുണ്ട്.
മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്നു രാവിലെ 8ന് തേക്കുംമൂട്ടിലെ വീട്ടിൽ പൊതുദർശനത്തിനു വയ്ക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
പത്തരയോടെ ശാന്തികവാടത്തിൽ സംസ്കാരം നടക്കും.
മകൾ: ഡോ. അഞ്ജു (ഗൈനക്കോളജിസ്റ്റ്,കൊട്ടാരക്കര താലൂക്ക് ആശുപത്രി).
മകൻ:അശ്വിൻ (വേൾഡ് വെറ്ററിനറി സെന്റർ ,മുംബൈ) . മരുമകൻ: ഡോ.രഞ്ജുരവീന്ദ്രൻ ( ഫോറൻസിക് സർജൻ, പാരിപ്പള്ളി മെഡിക്കൽ കോളേജ്