ന്യൂയോർക്ക്: ന്യൂയോർക്ക് പൊലീസിൽ ആദ്യമായി ഒരു ഇന്ത്യൻ വംശജൻ ഇൻസ്പെക്ടർ റാങ്കിൽ എത്തി. ചെന്നിത്തല ചെറുകോൽ വെന്നിയിൽ കുടുംബാംഗം മധു, ലത (ന്യൂയോർക്ക്) ദമ്പതികളുടെ മൂത്ത മകനായ ഷിബു മധുവാണ് ന്യൂയോർക്ക് പൊലീസിൽ ഇൻസ്പെക്ടറായത്.
2021മുതൽ ഡപ്യൂട്ടി ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന ഷിബു മധുവിന് സ്ഥാനക്കയറ്റം ലഭിച്ചതോടെയാണ് ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ വംശജൻ ഈ പോസ്റ്റിലേക്കെത്തിയത്.
2007ൽ ന്യൂയോർക്ക് പൊലീസിൽ ഓഫിസർ പദവിയിൽ സേവനം ആരംഭിച്ച ഷിബു 2013ൽ സെർജൻറ്, 2016ൽ ലെഫ്റ്റനൻറ്, 2018ൽ ക്യാപ്റ്റൻ, 2021ൽ ഡപ്യൂട്ടി ഇൻസ്പെക്ടർ എന്നീ പദവികളിൽ പ്രവർത്തിച്ചു.
ഷിബു മധു ഷിറിൻ വൈലങ്കണ്ണി സീനിയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് 1999ലാണ് ചെന്നൈയിൽ ടി. നഗറിൽ താമസിച്ചിരുന്ന മധുവും കുടുംബവും അമേരിക്കയിൽ എത്തിയത്. പെൻസിൽവേനിയ യൂണിവേഴ്സിറ്റിയിലെ പഠനത്തിനുശേഷം ഷിബു അസ്പെൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ക്രിമിനൽ ജസ്റ്റിസിൽ ബിരുദം നേടിയിരുന്നു.
വൈക്കം സത്യാഗ്രഹത്തെ തുടർന്ന് ആദ്യം അറസ്റ്റിലായ വെന്നിയിൽ ഗോവിന്ദ പണിക്കരുടെ കൊച്ചുമകനാണ് ഷിബുവിൻറെ പിതാവ് മധു. ന്യൂയോർക്കിലെ മലയാളി സമൂഹം ഷിബുവിന് ലഭിച്ച പദവിയിൽ ആശംസ നേർന്നു. ഭാര്യ കരോളിൻ. മക്കൾ ആൻഡ്രൂ, നിക്കോൾ. സഹോദരി ഷീബ മധു (ന്യൂയോർക്ക്).









