വയനാട്: മുട്ടിലിലെ സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ എഡിഎമ്മിനോട് റിപ്പോർട്ട് തേടി. സ്കൂളിലെ കുടിവെള്ള സ്രോതസിൽ ഇ കോളി, കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ജൂലൈ മാസം ശേഖരിച്ച കുഴൽക്കിണറിലെ വെള്ളത്തിന്റെ സാമ്പിളിൽ ആണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.(Food poisoning at school in wayanad; State Food Commission seeks report from ADM)
സ്കൂളിൽ ഉച്ചഭക്ഷണം തയാറാക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നതിൽ സ്കൂൾ അധികൃതർ വീഴ്ചവരുത്തിയെന്നും കമ്മീഷൻ വിലയിരുത്തി. സ്കൂൾ പരിസരത്തും ഭക്ഷണം പാകം ചെയ്യുന്ന ചുറ്റുപാടിലും ശുചിത്വം പാലിച്ചിട്ടില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
ഉച്ചഭക്ഷണം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് 63 വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ ചികിത്സ തേടിയത്. സംഭവത്തെ തുടർന്ന് നവംബർ 23 നുശേഷം സ്കൂൾ തുറന്നു പ്രവർത്തിച്ചാൽ മതിയെന്നാണ് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്.