മില്‍മ ഉത്പന്നങ്ങളുടെ വിലകുറയും
തിരുവനന്തപുരം: രാജ്യത്ത് ചരക്ക് സേവന നികുതിയുടെ പരിഷ്‌കരണത്തിന് പിന്നാലെ മില്‍മ ഉത്പന്നങ്ങള്‍ക്കും വിലകുറയും. നെയ്യ്, വെണ്ണ, പനീര്‍, ഐസ്‌ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വിലയിലാണ് കുറവ് വരികയെന്ന് മില്‍മ അധികൃതർ അറിയിച്ചു.
പുതുക്കിയ ചരക്ക് സേവന നികുതി നിരക്കുകൾ പ്രാബല്യത്തില്‍ വരുന്ന തിങ്കളാഴ്ച മുതല്‍ വിലക്കുറവും ഉത്പന്നങ്ങളുടെ നിലവില്‍ വരും. നെയ്യ്, വെണ്ണ, പനീര്‍ എന്നിവയുടെ വിലയില്‍ ഏഴ് ശതമാനത്തോളം കുറവ് ഉണ്ടാകും.
ഐസ്‌ക്രീമിന് 12 മുതല്‍ 13 ശതമാനം വരെ വിലക്കുറവ് ഉണ്ടാകും. പുതിയ നിരക്കുകൾ മില്‍മ അധികൃതർ പങ്കുവെച്ചിട്ടുണ്ട്. ജിഎസ്ടി നിരക്കില്‍ മാറ്റം വന്നതോടെ മില്‍മ നെയ്യ് ഒരു ലിറ്ററിന് 45 രൂപ കുറയും.
നിലവില്‍ 720 രൂപ വിലയുള്ള നെയ്യ് 675 രൂപയായി കുറയും. അരലിറ്റര്‍ നെയ്യിന് 370 രൂപയില്‍ നിന്നും 25 രൂപ കുറഞ്ഞ് 345 രൂപയുമാകും. നെയ്യിന്റെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചതാണ് വിലയിലെ മാറ്റത്തിന് കാരണമായത്.
കൂടാതെ 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് ഇനിമുതല്‍ 225 രൂപയ്ക്ക് ലഭിക്കും. 240 രൂപയായിരുന്നു നേരത്തെ 400 ഗ്രാം വെണ്ണയുടെ വില. 500 ഗ്രാം പനീറിന്റെ വില 245 രൂപയില്‍ നിന്ന് 234 രൂപയായി കുറയും. പനീറിനെ ജിഎസ്ടി നിരക്ക് ഒഴിവാക്കിയിട്ടുണ്ട്.
മില്‍മ ഐസ്‌ക്രീമിന്റെ വിലയിലും മാറ്റം വരും. ഐസ്‌ക്രീം ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കിയാണ് കുറച്ചിരിക്കുന്നത്.
ഫ്‌ളേവേര്‍ഡ് പാലിന്റെ നികുതിയും 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറഞ്ഞിട്ടുണ്ട്.
അഞ്ച് ശതമാനം ജിഎസ്ടി ചുമത്തിയിരുന്ന യുച്ച്ടി പാലിന്റെ നികുതി ഒഴിവാക്കുകയും ചെയ്തതിന്റെ ഗുണവും വിലയില്‍ പ്രതിഫലിക്കും എന്നും അധികൃതർ അറിയിച്ചു.
ജിഎസ്ടി പരിഷ്കരണം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് ചരക്ക് സേവന നികുതി നിരക്ക് പരിഷ്‌കരണം നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
നവരാത്രി ആഘോഷങ്ങളുടെ തുടക്കം പുതിയ നികുതി നിരക്കോടെയാണ് എന്ന് അറിയിച്ചായിരുന്നു മോദി പ്രഖ്യാപനം നടത്തിയത്.
നാളെ മുതല്‍ രാജ്യത്ത് ജിഎസ്ടിയില്‍ അഞ്ച്, 18 ശതമാനം നിരക്കുകള്‍ മാത്രമാണ് നിലവില്‍ ഉണ്ടാവുക.
നികുതി നിരക്കിലെ പരിഷ്‌കരണം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നും രാജ്യം വളർച്ചയുടെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ് എന്നും മോദി പ്രഖ്യാപിച്ചു.
ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് നടത്തിയ പ്രസംഗത്തിലായിരുന്നു മോദി പ്രഖ്യാപനം നടത്തിയത്. നവരാത്രിയുടെ ആദ്യ ദിനത്തില്‍ ജിഎസ്ടി ബജത് ഉത്സവം ആരംഭിക്കുകയാണ്.
എല്ലാ വീട്ടിലും നാളെ മധുരം എത്തുന്നു എന്നായിരുന്നു പ്രധാനമന്ത്രി ജിഎസ്ടി പരിഷ്‌കരണത്തെ വിശേഷിപ്പിച്ചത്.
Summary: Following the revision of Goods and Services Tax (GST) rates in India, Milma has announced a price reduction for its products. The price cut will apply to more than 100 items, including ghee, butter, paneer, and ice cream.









