നാസിക്: കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിൽ വകാഡി ഗ്രാമത്തിലാണ് സംഭവം. ഏറെക്കാലമായി ഉപയോഗ ശൂന്യമായി കിടന്നിരുന്ന കിണർ കർഷകൻ ബയോഗ്യാസിന്റെ സ്ലറി സൂക്ഷിക്കാനായി ഉപയോഗിച്ചിരുന്നതാണ്. ഈ കിണറിലാണ് വീട്ടുകാരുടെ വളർത്തുപൂച്ച അകപ്പെട്ടത്.
പൂച്ച വീണതോടെ രക്ഷിക്കാനായി കുടുംബത്തിലെ ഒരാൾ ഇറങ്ങുകയും ഇയാൾക്ക് ദേഹാസ്വസ്ഥ്യമുണ്ടാകുകയും ചെയ്തു. ഇതേ തുടർന്ന് കുടുംബത്തിലെ മറ്റാളുകൾ ഒന്നിന് പിറകേ ഒന്നായി ഇറങ്ങി കിണറിൽ കുടുങ്ങുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട സ്ഥലത്തെത്തിയ നാട്ടുകാർ ഒരാളെ രക്ഷപ്പെടുത്തി. ഇയാൾ ഒഴികെ ബാക്കി എല്ലാരും മരണപ്പെട്ടു.
ചൊവ്വാഴ്ച അഞ്ച് മണിയോടെയാണ് പൂച്ച കിണറിൽ വീണത്. ബുധനാഴ്ച പുലർച്ചെ വരെയുള്ള ശ്രമത്തിനൊടുവിൽ വലിയ സക്ഷൻ പമ്പുകൾ ഉപയോഗിച്ച് കിണറിൽ നിന്ന് സ്ലറി നീക്കം ചെയ്ത ശേഷമാണ് മരിച്ചവരുടെ മൃതദേഹം പുറത്തെടുത്തത്.