തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ വീണ്ടും കുഞ്ഞ് മരിച്ചു. അഞ്ചരമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ശ്വാസംമുട്ടൽ കൂടിയാണു മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതേ തുടർന്ന് എസ്എടി ആശുപത്രിയിൽ എത്തിച്ചു. തൊണ്ടയില്‍ പാൽ കുടുങ്ങിയാകാം കുഞ്ഞിന്റെ മരണമെന്ന് പൊലീസ് നേരത്തേ സംശയിച്ചിരുന്നു. ഒരാഴ്ച മുൻപാണ് കുഞ്ഞിനെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തു ശിശുക്ഷേമ സമതിയിൽ എത്തിച്ചത്.
മരണകാരണം കൃത്യമായി അറിയാൻ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തും. ശിശുക്ഷേമ സമിതിയിൽ ഒരു മാസത്തിനിടെ രണ്ടാമത്തെ ശിശു മരണമാണിത്. ഫെബ്രുവരി 28ന് ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു. ഈ കുഞ്ഞിന്റെ മരണ കാരണവും അധികൃതർ വ്യക്തമാക്കിയിട്ടില്ല.
കുഞ്ഞ് പനി ബാധിച്ച് ചികിത്സയിലായിരുന്നു. കുഞ്ഞിന് നേരത്തെ തന്നെ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായാണ് ശിശുക്ഷേമ അധികൃതർ പറഞ്ഞിരുന്നത്. അതേസമയം ശിശുക്ഷേമ സമിതിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കുട്ടികളെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.