ചാലക്കുടി: അതിരപ്പിള്ളി വനമേഖലയിൽ കാണപ്പെട്ടിരുന്ന തുമ്പിക്കൈ ഇല്ലാതെ കുട്ടിയാന എത്രകാലം ജീവിക്കുമെന്ന ആശങ്കയിലായിരുന്നു വനംവകുപ്പ്. തുമ്പിക്കൈയില്ലാത്ത ആനക്കുട്ടിയുടെ അതീജിവനത്തിന്റെ ആശങ്കയൊഴിഞ്ഞതായാണ് പുതിയ റിപ്പോർട്ട്. വ്യാഴാഴ്ച രാവിലെ തുമ്പൂർമുഴി പത്താറ് ഭാഗത്ത് പന്ത്രണ്ടോളം ആനകളുടെ കൂടെയാണ് തുമ്പിയില്ലാത്ത ആനക്കുട്ടി റോഡ് മുറിച്ച് കടന്ന് വനത്തിലേക്ക് കയറി പോയത്. കഴിഞ്ഞ ദിവസം ഇതിന്റെ സമീപത്ത് പുഴയിൽ വെള്ളം കുടിക്കുവാനും എത്തിയിരുന്നു. കുറച്ച് ദിവസമായി തുമ്പിയില്ലാത്ത ആനക്കുട്ടിയടങ്ങുന്ന സംഘത്തെ ഈ മേഖലയിൽ കണ്ടിരുന്നതായി പരിസരവാസികൾ പറഞ്ഞു.
ഏകദേശം രണ്ട് വർഷം മുൻപാണ് തുമ്പിയില്ലാത്ത ആനക്കുട്ടിയെ അതിരപ്പിള്ളി വനമേഖലയിൽ ആദ്യം കാണപ്പെടുന്നത്. അന്ന് ആനപ്രേമികളുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. തുമ്പിയില്ലാത്ത ആനക്കുട്ടി എന്ത് ചെയ്യുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ചെറിയ തുമ്പി ഉപയോഗിച്ച് വെള്ളവും ഭക്ഷണവും കഴിച്ച് ഊർജ്ജസ്വലനായി തന്നെയാണ് ആനക്കുട്ടിയെ കാണപ്പെടുന്നത്.
ചെറുതും വലതുമായി പന്ത്രണ്ടംഗ സംഘത്തിന്റെ ഒപ്പമുള്ള തുമ്പിയില്ലാത്ത ആനക്കുട്ടി റോഡ് മുറിച്ച് കടക്കുന്ന ദൃശ്യം പകർത്തിയത്ത് വള്ളുവനാട് നാദം നാടക ട്രൂപ്പിലെ അതിരപ്പിള്ളി സ്വദേശിയായ ആനന്ദ് മുരുകനാണ്. ഇദ്ദേഹം പരിപാടിക്കായി വീട്ടിൽ നിന്ന് ചാലക്കുടിയിലേക്ക് വരുമ്പോഴാണ് ആനസംഘം റോഡ് മുറിച്ച് കടക്കുന്ന ദൃശ്യം പകർത്തിയത്. ഭക്ഷണം തേടി കാടുകളിൽ നിന്ന് ജനവാസമേഖലയിലേക്ക് ആനകൾ ഇറങ്ങുന്നത് പതിവാണെങ്കിലും മറ്റും നാശനഷ്ടങ്ങൾ വരുതാതിരിക്കുന്നതും വലിയ ഭാഗ്യമാണെന്ന് നാട്ടുകാർ പറഞ്ഞു. ആനകൾ കടന്നു പോയ സമയത്ത് വാഹന ഗതാഗതം തടസപ്പെട്ടിരുന്നു.