തൃശൂർ: മസ്തകത്തിൽ പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നല്കുന്നതിനായുള്ള ദൗത്യത്തിൻറെ ആദ്യഘട്ടം വിജയകരമായി പൂർത്തീകരിച്ചു. മയക്കുവെടിയേറ്റത്തിനുശേഷം നിലത്തുവീണ ആന പ്രാഥമിക ചികിത്സക്കുശേഷം തനിയെ എഴുന്നേറ്റു. കൊമ്പനെ എഴുന്നേൽപ്പിക്കാനുള്ള കുങ്കിയാനകളുടെ ശ്രമത്തിനിടെ ആന തനിയെ എഴുന്നേൽക്കുകയായിരുന്നു.
ശേഷം കുങ്കിയാനകളുടെ സഹായത്തോടെ അനിമൽ ആംബുലൻസിലേക്ക് കയറ്റിയശേഷം കോടനാട്ടിലേക്ക് കൊണ്ടുപോയി. കോടനാട്ടിലെത്തിച്ച ശേഷമായിരിക്കും വിദഗ്ധ ചികിത്സ . മയക്കുവെടി വെച്ച ശേഷം ആനയ്ക്ക് പ്രാഥമിക ചികിത്സ നൽകിയിരുന്നു. മുറിവിൽ ഡോക്ടർമാർ മരുന്നുവെച്ചു. കൊമ്പനെ പാർപ്പിക്കാനുള്ള കൂട് എറണാകുളം കപ്രിക്കാട്ടെ വനം വകുപ്പ് കേന്ദ്രത്തിൽ തയ്യാറായിട്ടുണ്ട് . പുതിയ കൂടിൻറെ ബല പരിശോധനയും പൂർത്തിയായി.
ആനയുടെ ആരോഗ്യത്തിൽ ആശങ്ക ഉള്ളത് കൊണ്ടാണ് വെല്ലുവിളി ഏറ്റെടുത്ത് പെട്ടെന്ന് തന്നെ മയക്കുവെടിവെച്ചതെന്ന് അധികൃതർ പറഞ്ഞു. വെറ്റിലപ്പാറയ്ക്ക് സമീപം എണ്ണപ്പനത്തോട്ടത്തിന് അരികിൽ നിന്ന കൊമ്പനെ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. മുറിവേറ്റ കൊമ്പന്റെ അരികിൽ മറ്റൊരു ആന കൂടി ഉണ്ടായത് കടുത്ത വെല്ലുവിളി സൃഷ്ടിച്ചിരുന്നു.
ജനുവരി 24ന് കൊമ്പന് മയക്കുവെടി വച്ച് ചികിത്സ നല്കിയിരുന്നു.എന്നാൽ മുറിവ് ഭേദമാകാത്തതിനെ തുടർന്നാണ് വീണ്ടും മയക്കുവെടി വച്ച് കോടനാടുള്ള ആനക്കൂട്ടിലെത്തിച്ച് ചികിത്സ നൽകാനുള്ള തീരുമാനത്തിൽ എത്തിയത്.