തിരുവനന്തപുരം: ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ ആദ്യമായി 12 വയസുകാരിയ്ക്ക് നടത്തിയ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം. മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശിനിയുടെ ഹൃദയമാണ് കുട്ടിയ്ക്ക് മാറ്റിവെച്ചത്. ഡോ. സൗമ്യ രമണന്റെ നേതൃത്വത്തിലുള്ള സംഘമാണ് സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തിയത്.(First heart transplant surgery in Sree Chitra hospital successfully completed)
തൃശൂര്‍ സ്വദേശിയായ 12 വയസുകാരി അനുഷ്‌ക എന്ന പെണ്‍കുട്ടിക്കാണ് ഹൃദയം മാറ്റിവെച്ചത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഡാനി എന്ന അധ്യാപികയുടെ ഹൃദയമാണ് പെണ്‍കുട്ടിയില്‍ തുന്നിപിടിപ്പിച്ചത്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലാണ് അധ്യാപിക ചികിത്സ തേടിയത്. ഇന്നലെ വൈകീട്ടോടെയാണ് ഇവര്‍ക്ക് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് അവയവദാനത്തിന് അധ്യാപികയുടെ ബന്ധുക്കള്‍ സന്നദ്ധത അറിയിച്ചു. ഹൃദയം ഉള്‍പ്പെടെ അഞ്ചു അവയവങ്ങളാണ് പലര്‍ക്കുമായി ദാനം ചെയ്തത്.
ഇന്ന് രാവിലെയാണ് കിംസ് ആശുപത്രിയില്‍ നിന്ന് ഹൃദയവുമായി ആംബുലന്‍സ് ശ്രീചിത്രയിലേക്ക് പുറപ്പെട്ടത്. പൊലീസ് എസ്‌കോര്‍ട്ടോടെ മൂന്ന് മിനിറ്റിനകം ഹൃദയം ശ്രീചിത്രയില്‍ എത്തിച്ചു. കാര്‍ഡിയോ മയോപ്പതി എന്ന രോഗം ബാധിച്ച അനുഷ്‌ക കഴിഞ്ഞ രണ്ടുമാസമായി ശ്രീചിത്രയില്‍ ചികിത്സയിലാണ്.