മുംബൈ: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിൽ വൻ തീപ്പിടിത്തം. തെക്കൻ മുംബൈയിലാണ് സംഭവം. ബല്ലാഡ് എസ്റ്റേറ്റിലുള്ള കെസർ-ഐ-ഹിന്ദ് കെട്ടിടത്തിലെ ഓഫീസിൽ ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അപകടം നടന്നത്.
ആറ് നില കെട്ടിടത്തിലെ നാലാം നിലയിലുള്ള ഇഡി ഓഫീസിലാണ് തീപടർന്നത്. അപകടത്തിൽ ഓഫീസിലുണ്ടായിരുന്ന കംപ്യൂട്ടറുകളും ഫർണിച്ചറുകളും ഒട്ടേറെ രേഖകളും കത്തിനശിച്ചു. പ്രധാനപ്പെട്ട സർക്കാർ ഫയലുകൾ കത്തി നശിച്ചതായാണ് വിവരം. അതേസമയം തീപിടുത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ആദ്യം ചെറിയ രീതിയിലാണ് തീ പിടിച്ചത്. പിന്നീട് ഓഫീസിലെ ഫർണിച്ചറുകളിലേക്ക് തീ പടരുകയായിരുന്നു. ഇതോടെ വ്യാപകമായി തീപിടിത്തമുണ്ടായെന്ന് മുംബൈ അഗ്നിരക്ഷാസേനാ മേധാവി രവീന്ദ്ര അംബുൽഗേങ്കർ അറിയിച്ചു. ഫയലുകളടക്കം കത്തിയതോടെ കെട്ടിടം നിറയെ പുക മൂടി.
തുടർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണക്കാനായത്. തീപിടിത്തത്തിന് കാരണം ഇതുവരെ വ്യക്തമല്ല. ഫയർഫോഴ്സ് വിഗദ്ധ സംഘം അന്വേഷണം നടത്തിവരികയാണെന്നും മുംബൈ അഗ്നിരക്ഷാസേനാ മേധാവി അറിയിച്ചു.