തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത് തന്നെയെന്ന് പൂരം കലക്കലുമായി ബന്ധപ്പെട്ട് പൊലീസ് എഫ്ഐആർ. ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ വൃണപ്പെടുത്തിയെന്നും ലഹളയുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നും എഫ്‌ഐആറിൽ പറയുന്നു. അന്വേഷണം നിലച്ചെന്ന വ്യാപക വിമർശനങ്ങൾക്കിടെയാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ പരാതിക്കാരനാക്കി കേസെടുത്തത്. അതേസമയം കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല. FIR stating that Thrissur Pooram was disturbed is out.
പൂര വിവാദത്തിൽ തിരുവമ്പാടി ദേവസ്വത്തെ സംശയ നിഴലിലാക്കുന്ന റിപ്പോർട്ടാണ് എഡിജിപി എംആർ അജിത് കുമാർ നൽകിയത്. ഈ മാസം മൂന്നിനാണ് പൂരം കലക്കലിൽ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. ഒൻപത് ദിവസം കഴിഞ്ഞ് പ്രത്യേക സംഘം രൂപീകരിച്ചു. പക്ഷെ പ്രത്യേക സംഘത്തെ കേസെടുക്കാനോ അന്വേഷണവുമായി മുന്നോട്ട് പോകാനോ കഴിഞ്ഞില്ല.
എന്നാൽ, ഇപ്പോൾ കേസെടുക്കുമ്പോഴും ആരെയും പ്രതിയാക്കിയിയിട്ടില്ല. എഡിജിപിയുടെ റിപ്പോർട്ടിൽ കേസെടുത്താൽ ദേവസ്വം പ്രതിയാകും. അതൊഴിവാക്കാൻ കൂടിയാണ് ഇത്തരത്തിലുള്ളൊരു കേസെന്ന വിമർശനവും ഉയരുന്നുണ്ട്.