തിരുവനന്തപുരം: വിവാദ ബസ് തടയൽ സംഭവത്തിൽ കോടതി ഉത്തരവനുസരിച്ച് മേയർക്കും എം.എൽ.എയ്ക്കുമെതിരെ കേസെടുത്തു. ഇന്നലെ രാത്രി വരെ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിന്റെ പരാതിയിൽ കേസെടുക്കാതെ ചുറ്റിക്കളിച്ച പൊലീസ്, രാത്രി 9 മണിയോടെയാണ് കേസ് എടുത്തത്
തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ, ഭർത്താവ് കെ.എം. സച്ചിൻ ദേവ് എം.എൽ.എ, മേയറുടെ സഹോദരൻ അരവിന്ദ്, അരവിന്ദിന്റെ ഭാര്യ ആര്യ, കണ്ടാലറിയാവുന്ന യുവാവ് എന്നീ അഞ്ചു പേർക്കെതിരെ കേസെടുക്കാനായിരുന്നു കോടതി ഉത്തരവ്. എന്നാൽ ബസ് തടഞ്ഞു, പൊതു ശല്യമുണ്ടാക്കി എന്നീ ചെറിയ വകുപ്പുകളാണ് ആദ്യ കേസിൽ പൊലീസ് ചുമത്തിയത്.
ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, അന്യായമായി തടഞ്ഞുവയ്ക്കൽ, ബസിനുളളിലേക്ക് അതിക്രമിച്ചുകടന്ന് ഭീഷണിപ്പെടുത്തൽ, അസഭ്യം പറയൽ, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. ഇതിൽ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി എന്ന കുറ്റം ജാമ്യമില്ലാവകുപ്പാണ്.