വടകര: കോഴിക്കോട് ഫൈബർ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു. വടകര സാൻഡ് ബാങ്ക്സിലാണ് അപകടം നടന്നത്. വള്ളത്തിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളി കുയ്യൻ വീട്ടിൽ അബൂബക്കർ ആണ് മരിച്ചത്.(Fiber boat accident in Vadakara; fisherman died)
അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന ഇബ്രാഹിം രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് രണ്ട് പേർ സഞ്ചരിച്ചിരുന്ന ഫൈബർ വള്ളം തിരയിൽപ്പെട്ട് മറിഞ്ഞത്. തുടർന്ന് ഇബ്രാഹിമാണ് അബൂബക്കറിനെ കരയിൽ എത്തിച്ചത്. എന്നാൽ അബൂബക്കറിന്റെ ജീവൻ രക്ഷിക്കാനായില്ല.
അതേസമയം രക്ഷാപ്രവർത്തനത്തിന് കോസ്റ്റ് ഗാർഡ് എത്താത്തതിൽ സ്ഥലത്ത് മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചു. ഈ പ്രദേശത്ത് അപകടം പതിവായതോടെ പ്രദേശത്ത് 24 മണിക്കൂറും കോസ്റ്റ് ഗാർഡ് സേവനം ഉണ്ടാകുമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ അപകട വിവരം അറിയിച്ചെങ്കിലും കോസ്റ്റ് ഗാർഡ് വിഭാഗം രക്ഷാപ്രവർത്തനത്തിന് എത്തിയില്ല എന്നാണ് ആരോപണം.