കോഴിക്കോട്: സിനിമാക്കഥയെ പോലും വെല്ലുന്ന പല ജീവിതകഥകളും നമുക്ക് മുന്നിൽ സംഭവിക്കാറുണ്ട് . അത്തരത്തിൽ ഒന്നായിരിക്കും ഈ അച്ഛന്റെയും മകന്റെയും ഒന്നിക്കൽ കഥയും . കഴിഞ്ഞ ദിവസം കോഴിക്കോട് വെള്ളിമാടുകുന്നിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഓഫീസിൽ ആയിരുന്നു സംഭവം . അച്ഛനെ തിരഞ്ഞുനടന്ന കൗമാരക്കാരനും മകനെയോർത്ത് വേദനയോടെ ജീവിച്ച പിതാവും തൊട്ടടുത്ത കസേരകളിൽ പരസ്പരം തിരിച്ചറിയാതെ ഇരുന്നു. സി.ഡബ്ല്യു.സി. ജീവനക്കാർ ചോദിച്ച ചോദ്യങ്ങൾക്ക് കൗമാരക്കാരൻ നൽകുന്ന മറുപടികളിലെ ചില വാക്കുകൾ ആ മനുഷ്യന്റെ ഹൃദയത്തിൽ തറച്ചു. കൂടുതൽ ശ്രദ്ധയോടെ ആ കൗമാരക്കാരന്റെ വാക്കുകൾ കേട്ടു.. അച്ഛന്റെ പേരറിയില്ല, കണ്ടിട്ടില്ല, കടിയങ്ങാട്ടുള്ള അമ്മവീട്ടിലായിരുന്നു താമസം. അമ്മയുടെ പേരും അവൻ പറഞ്ഞതോടെ ആ മനുഷ്യന്റെ ഹൃദയത്തിലൊരു വെള്ളിടി വെട്ടിയിരിക്കണം. തൊട്ടടുത്ത നിമിഷം ആ കുട്ടിയുടെ അരുകിലെത്തിയ ആ മനുഷ്യൻ പോക്കറ്റിൽ നിന്നും ഒരു വിവാഹ ഫോട്ടോ എടുത്ത് കൗമാരക്കാരനെ കാട്ടി പറഞ്ഞു: ഇതാണ് മോനേ നിന്റെ അമ്മ.. ഞാൻ നിന്റെ അച്ഛനും.
തികച്ചും ആകസ്മികവും നാടകീയവുമായ ഈ അച്ഛൻ – മകൻ സമാഗമത്തിന്റെ ഫ്ലാഷ് ബാക്കിലാണ് ഇനി ഇവരുടെ മുഴുവൻ കഥയുമുള്ളത്. അതിന് രണ്ട് പതിറ്റാണ്ട് പിന്നിലേക്ക് പോകണം. രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപാണ് കരാറുകാരനായ ഈ മനുഷ്യൻ വിവാഹം കഴിക്കുന്നത്. കടിയങ്ങാട്ടുള്ള സമ്പന്ന കുടുംബത്തിലെ യുവതിയെ ബന്ധുക്കളുടെ എതിർപ്പ് അവഗണിച്ചാണ് ഇദ്ദേഹം തന്റെ ജീവിസഖിയാക്കിയത്. എന്നാൽ, വിധി ഈ മനുഷ്യന് കാത്തുവച്ചത് മറ്റൊന്നായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞും ജനിച്ചതിന് പിന്നാലെയാണ് ഈ ദമ്പതികളുടെ ജീവിതത്തിലേക്ക് വിധിയുടെ അപ്രതീക്ഷിത പ്രഹരമുണ്ടായത്. കുഞ്ഞ് ജനിച്ച് രണ്ടു വർഷം കഴിഞ്ഞപ്പോൾ യുവതി മരിച്ചു.
തുടർന്ന് ഇവരുടെ ബന്ധുക്കൾ കുട്ടിയെ കൈവശപ്പെടുത്തി പിതാവിൽ നിന്നും അകറ്റി. രണ്ടാംവയസ്സിൽ കുഞ്ഞിനെ അമ്മവീട്ടുകാർ വെള്ളിമാടുകുന്നിലെ സെയ്ന്റ് ജോസഫ് ഭവനിലാക്കി. കുട്ടിയുടെ മാതാവ് മരിച്ചുപോയെന്നും പിതാവ് ഉപേക്ഷിച്ചെന്നും വിശ്വസിപ്പിച്ചായിരുന്നു കുഞ്ഞിനെ ഇവിടെയാക്കിയത്. ആറാംവയസ്സിൽ അവനെ ബന്ധുക്കൾ തിരികെക്കൊണ്ടുപോയി. 2013 മുതൽ 2022 വരെ കുട്ടി അമ്മയുടെ സഹോദരന്റെ വീട്ടിലായിരുന്നു. 2022-ൽ മനംമടുത്ത് വീടുവിട്ടിറങ്ങിയ കുട്ടിയെ റെയിൽവേ സ്റ്റേഷനിൽനിന്ന് കണ്ടെത്തിയ പോലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ ഏൽപ്പിച്ചു. കുട്ടി പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിവരമറിയിച്ചെങ്കിലും ഏറ്റെടുക്കാൻ ബന്ധുക്കൾ തയ്യാറായില്ല. തുടർന്ന് കുട്ടിയെ ഗവ. ബോയ്സ് ഹോമിൽ പാർപ്പിച്ചു.
ബന്ധുക്കളോട് അമ്മയുടെ ഫോട്ടോ പലതവണ കുട്ടി ആവശ്യപ്പെട്ടിരുന്നു. ഫോട്ടോ ഒന്നുമില്ലെന്നുപറഞ്ഞ് കുഞ്ഞിന്റെ വലിയ ആഗ്രഹം ബന്ധുക്കൾ തല്ലിക്കെടുത്തി. ബന്ധുക്കളുടെ ഇടപെടലിൽ സംശയംതോന്നിയ സി.ഡബ്ല്യു.സി. ചെയർമാൻ പി. അബ്ദുൾ നാസറിൻറെ നേതൃത്വത്തിൽ നടത്തിയ രഹസ്യമായ അന്വേഷണമാണ് കുട്ടിയുടെ പിതാവിനെ കണ്ടെത്തുന്നതിലേക്ക് എത്തിച്ചത്.
ബന്ധുക്കളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ അധികൃതർ ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയപ്പോൾ കുട്ടിക്ക് അവകാശമുള്ള സ്വത്ത് വിവരങ്ങൾ സംബന്ധിച്ച് അറിവ് ലഭിച്ചു. ഇതിനിടയിൽ വീണ്ടുമെത്തിയ ബന്ധുക്കൾ കുട്ടിയെ ആവശ്യപ്പെട്ടു. എന്നാൽ ഇത്തവണ സി.ഡബ്ല്യു.സി അധികൃതർ ഒരു നിബന്ധന കൂടി വെച്ചു. മറ്റ് ബന്ധുക്കൾ ആരെങ്കിലും എത്തിയാൽ വിട്ടുകൊടുക്കണമെന്ന വ്യവസ്ഥയിലാണ് ഇത്തവണ കുട്ടിയെ ഇവർക്കൊപ്പം വിട്ടത്. അതേസമയം തന്നെ കുട്ടിയുടെ പിതാവിനെ കണ്ടെത്താനുള്ള അന്വേഷണവും അധികൃതർ രഹസ്യമായി ആരംഭിച്ചിരുന്നു. ഇതിനായി പോലീസിന്റെ സഹായവും തേടി. അന്വേഷണം നടത്തിയ പോലീസ് സംഘം മുക്കം ടൗണിനടുത്ത് താമസിക്കുന്ന ഒരു കരാറുകാരനാണ് കുട്ടിയുടെ പിതാവെന്ന് ഏകദേശം ഉറപ്പിച്ചിരുന്നു. ഇയാളിൽ നിന്ന് കുട്ടിയുടെ യഥാർത്ഥ ജനന സർട്ടിഫിക്കറ്റുകളും വിവാഹ സർട്ടിഫിക്കറ്റുകളും പോലീസ് ശേഖരിച്ചിരുന്നു. എന്നാൽ കുട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിച്ചിരുന്നില്ല. തന്റെ മകനെ കണ്ടെത്താൻ സഹായിക്കുമോ എന്ന് ഈ ഘട്ടത്തിൽ പിതാവ് പോലീസിനോട് ചോദിച്ചിരുന്നു.
സി.ഡബ്ല്യു.സി അധികൃതർ കുട്ടിയുടെ പിതാവിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനായി ഇയാളെ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ ഈ സമയം തന്നെയാണ് അമ്മയുടെ ബന്ധുക്കളുടെ വീട് വിട്ടിറങ്ങിയ കുട്ടിയെ റെയിൽവേ സ്റ്റേഷനിൽ നിന്ന് പോലീസ് സംഘം കണ്ടെത്തി ഇവിടേക്ക് എത്തിച്ചത്. പിതാവും മകനും ഏതാനും കസേരകൾക്കപ്പുറത്ത് ഇരുന്നിട്ടും പരസ്പരം തിരിച്ചറിയാനായില്ല. സി.ഡബ്ല്യു.സി അധികൃതർ കുട്ടിയോട് വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കുന്നതിനിടയിലാണ് തനിക്ക് സമീപം ഇരിക്കുന്ന കുട്ടി തന്റെ സ്വന്തം ചോര തന്നെയാണെന്ന് ആ അച്ഛൻ തിരിച്ചറിഞ്ഞത്. ഇനിയും നിയമനടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ കുറച്ചുകൂടി സമയമെടുത്ത ശേഷമേ ഇവർക്ക് ഒരുമിക്കാനാകൂ. അവിശ്വസനീയമാണെങ്കിലും 17 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മകനെ മുഖാമുഖം കാണാനെങ്കിലും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ പിതാവ്.നിലവിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ രക്തബന്ധം ഉറപ്പിച്ചെങ്കിലും ഡി.എൻ.എ. ഉൾപ്പെടെയുള്ള ശാസ്ത്രീയമായ തെളിവുകളുടെകൂടി അടിസ്ഥാനത്തിലേ കുട്ടിയെ അച്ഛനൊപ്പം വിട്ടയക്കൂ. ആ ദിവസത്തിനായി കാത്തിരിക്കുകയാണ് അച്ഛനും മകനും.
Read Also : മൃഗശാലയിലെ സിംഹങ്ങൾക്ക് അക്ബർ, സീത എന്നീ പേരുകൾ നൽകിയ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ