വനം വകുപ്പ് തുടർച്ചയായി കേസെടുക്കാൻ തുടങ്ങിയതോടെ തൂമ്പയെടുത്ത് കൃഷിഭൂമയിൽ കിളയ്ക്കാനും പറമ്പിലെ പുല്ലുചെത്താൻ പോലും ഭയക്കുകയുമാണ് വണ്ണപ്പുറത്തെ കർഷകർ. പട്ടയക്കുടി, വെള്ളക്കയം, നാരങ്ങാനം, ആനക്കുഴി, മൊട്ടമുടി. കോട്ടപ്പാറ, മാമ്പാറ പ്രദേശങ്ങളിലെ കൈവശാവകാശമുള്ള കൃഷിഭൂമിയിൽ താമസിക്കുന്നവർക്കാണ് ഈ ദുർഗതി,
അഞ്ച് പതിറ്റാണ്ടിന് മുൻപ് പ്രദേശത്തേയ്ക്ക് കുടിയേറിയ കർഷകരും ആദിവാസി വിഭാഗത്തിൽ പെട്ടവരുമാണ് പ്രദേശത്തുള്ളത്. കൃഷി ചെയ്ത് നിത്യവൃത്തിയ്ക്ക് വഴിതേടുന്നവരാണ് ഏറെയും. പട്ടയത്തിന് അപേക്ഷ നൽകി കാത്തിരിക്കുവാൻ തുടങ്ങിയിട്ട് വർഷങ്ങളായി എന്നാൽ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ് അപേക്ഷകളിൽ പലതും.
പലരുടേയും കൃഷിഭൂമിയോട് ചേർന്ന് വനഭൂമിയുണ്ട്. വനഭൂമി കൃത്യമായിട്ട് ജണ്ട (അതിര് തിരിക്കുന്ന അടയാളം) ഉപയോഗിച്ച് തിരിച്ചിട്ടുണ്ട്. എന്നാൽ കൃഷി ഭൂമിയിൽ എന്തെങ്കിലും കാർഷികവൃത്തികൾ ചെയ്താൽ വനം വകുപ്പ് അധികൃതർ ഉടൻ പ്രശ്‌നമുണ്ടാക്കും. റബ്ബർ കൃഷി നഷ്ടത്തിലായതോടെ മാസങ്ങൾക്ക് മുൻപ് പ്രദേശത്തെ കർഷകൻ റബ്ബർ വെട്ടിമാറ്റി പൈനാപ്പിൾ കൃഷി ചെയ്യാൻ തീരുമാനിച്ചു.
പൈനാപ്പിൾ കൃഷി ചെയ്യാൻ മണ്ണൊരുക്കുന്നതിനിടെ വനം വകുപ്പ് അധികൃതർ എത്തി ഹിറ്റാച്ചി പിടിച്ചെടുത്തു. പട്ടയക്കുടിയിൽ വീട് നിർമിക്കാൻ നിലമൊരുക്കി ഇതോടെ വനം വകുപ്പ് എത്തി കല്ല് പൊട്ടിച്ചു എന്ന പേരിൽ കേസെടുത്തു. നാരങ്ങാനത്ത് കൃഷിഭൂമിയിൽ കയ്യാല കെട്ടിയത് തടഞ്ഞു. ഇടുക്കിയിലും വയനാട്ടിലും സംസ്ഥാനത്ത് ഒട്ടാകെയും പട്ടയമില്ലാത്ത ഓട്ടേറെ സ്ഥലങ്ങളിൽ കർഷകർ നിർഭയത്തോടെ കൃഷി ചെയ്ത് ജീവിക്കുന്നുണ്ടെങ്കിലും ഇവിടെ അത് നടപ്പില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്.
ഇതോടെ ഒന്നുകിൽ പട്ടംയ അനുവദിക്കണം അല്ലെങ്കിൽ വനം വകുപ്പിനെ നിലയ്ക്ക് നിർത്തണം എന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ പട്ടയമില്ലാത്ത ഭൂമി വനഭൂമിയാണെന്നും പരാതി കിട്ടിയിട്ടാണ് കേസെടക്കുന്നതെന്നുമാണ് വനം വകുപ്പ് അധികൃതർ പറയുന്നത്.