കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച യുവാവ് പോലീസ് പിടിയിൽ. ആലുവ സ്വദേശി ആക്വിബ് ഹനാൻ (21) ആണ് പോലീസിന്റെ പിടിയിലായത്.
സോഷ്യൽ മീഡിയ വഴിയാണ് ഇയാൾ സിനിമ പ്രചരിപ്പിച്ചത്. മാർക്കോയുടെ നിർമ്മാതാവായ മുഹമ്മദ് ഷെരീഫിന്റെ പരാതിയിൽ കൊച്ചി സൈബർ പൊലീസാണ് പ്രതിയെ പിടികൂടിയത്. ക്രിസ്മസ് റിലീസ് ആയി അഞ്ച് ഭാഷകളിൽ തിയേറ്ററിൽ എത്തിയ ചിത്രം മികച്ച കളക്ഷൻ നേടി പ്രദർശനം തുടരവെയാണ് ഇത്തരത്തിൽ വ്യാജ പ്രിന്റ് പ്രചരിച്ചത്.
ടെലിഗ്രാം ഗ്രൂപ്പ് വഴിയാണ് ഇയാൾ വ്യാജ പതിപ്പ് വ്യാപകമായി പ്രചരിപ്പിച്ചത്. ഇത് നിർമ്മാതാക്കൾക്ക് സാമ്പത്തിക നഷ്ടം വരുത്തിയെന്ന കേസിലാണ് പരാതി.
മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലാണ് സംവിധായകനും അണിയറ പ്രവർത്തകരും സിനിമ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് എന്നാണ് പരക്കെയുള്ള അഭിപ്രായം. എ സർട്ടിഫിക്കറ്റ് സിനിമ ആയിട്ടുപോലും കുടുംബ പ്രേക്ഷകരും ചിത്രത്തെ സ്വീകരിച്ചു എന്നതാണ് പ്രത്യേകത.
‘കെ ജി എഫ്’, ‘സലാർ’ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ഒരുക്കിയ മാർക്കോയിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടി. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയത്.