ദാത്തിയ: മധ്യപ്രദേശിൽ സൈനിക പരിശീലന കേന്ദ്രത്തിൽ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദാത്തിയ ജില്ലയിലെ കരസേനയുടെ ഫയറിങ് റേഞ്ചിലാണ് സ്ഫോടനം നടന്നത്.
അപകടം പതിനേഴുകാരനായ ഗംഗാറാം എന്നയാളാണ് മരിച്ചത്. രാമു (23), മനോജ് (16) എന്നിവർക്കാണ് സ്ഫോടനത്തിൽ പരുക്കേറ്റിരിക്കുന്നതെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് (എഎസ്പി) സുനിൽ കുമാർ അറിയിച്ചു. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം.
ദാത്തിയ നഗരത്തിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള ബസായ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്. നിലത്ത് കിടന്നിരുന്ന പൊട്ടാത്ത വെടിയുണ്ടകൾ എടുത്തപ്പോൾ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. പരിക്കേറ്റവരെ ഉത്തർപ്രദേശിലെ ഝാൻസിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.