കൊച്ചി: കൊച്ചി തീരത്തിനടുത്ത് വാൻഹായ് 503 ചരക്കു കപ്പലിലെ സ്‌ഫോടനത്തിനും തീ പിടിത്തത്തിനും പ്രധാന കാരണമായത് ലിഥിയം അയൺ ബാറ്ററിയാണെന്ന് വിദഗ്ദ്ധർ.
തീ പിടിക്കുന്നതും പൊട്ടിത്തെറിക്കുന്നതുമായ മാരക രാസവസ്‌തുക്കൾക്കൊപ്പം ലിഥിയം ബാറ്ററിയും ഉണ്ടായിരുന്നതിനാലാണ് മൂന്ന് ദിവസം ശ്രമിച്ചിട്ടും തീയണയ്‌ക്കാൻ കഴിയാത്തതെന്ന് വിദഗ്ദർ പറയുന്നു.
ഷോർട്ട് സർക്യൂട്ടോ,ഘർഷണമോ ഉണ്ടായാൽ കത്തുന്നതും പൊട്ടിത്തെറിക്കുന്നതുമാണ് ലിഥിയം ബാറ്ററിയെന്ന് പെട്രോളിയം ആൻഡ് എക്‌സ്‌പ്ളോസീവ് സേഫ്‌റ്റി ഓർഗനൈസേഷൻ (പെസോ) മുൻ ജോയിന്റ് ചീഫ് കൺട്രോളറും രാസവസ്‌തു വിദഗ്ദ്ധനുമായ ഡോ. ആർ. വേണുഗോപാൽ പറയുന്നു.
വൻതോതിൽ ഉൗർജം ശേഖരിച്ചുവയ്ക്കുന്നവയാണ് ലിഥിയം ബാറ്ററികൾ. തീപിടിക്കാൻ സാദ്ധ്യത കൂടുതലുള്ള ബാറ്ററികൾ കൈകാര്യം ചെയ്യുമ്പോൾ സംഭവിക്കുന്ന വീഴ്‌ചയോ അശ്രദ്ധയോ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ടാകാം എന്നാണ് വിലയിരുത്തൽ.
രാസവസ്‌തുക്കൾ പ്രതിപ്രവർത്തന ശേഷിയുള്ളതും മനുഷ്യരെ വലിയ രീതിയിൽ പരിക്കേൽപ്പിക്കാൻ കഴിവുള്ളതുമാണ്. ഡൈമീഥൈൻ സൾഫേഡ്, ഈഥൈൽ ക്ളോറോക്ളോർഫോർമൈറ്റ്, ഹെക്‌സാമെറ്റലിൻ ഡൈ അമിൻസയനേറ്റ്, 25 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ നൈട്രോസെല്ലുലോസ്, പാരാഫോർമാൽഡീഹൈഡ് തുടങ്ങിയവയാണ് ഏറ്റവുമധികം അപകടകരമായ രാസവസ്‌തുക്കൾ.
തീ പിടിക്കുന്ന ദ്രാവകങ്ങൾ, ഖരവസ്‌തുക്കൾ എന്നിവയും കത്തിപ്പിടിക്കാനും പൊട്ടിത്തെറിക്കാനും കഴിവുള്ളവയാണ്. ബെൻസോഫീനോൻ ഉൾപ്പെടെയുള്ള പ്രതിപ്രവർത്തനശേഷിയുള്ള രാസവസ്‌തുക്കളുമുണ്ട്. കീടനാശിനികൾ പോലുള്ള രാസവസ്‌തുക്കളും വളരെ അപകടകരമാണ്.
അതേ സമയംമാരകമായ രാസവസ്‌തുക്കൾക്കും, പെട്രോകെമിക്കൽ ഉത്പന്നങ്ങൾക്കുമൊപ്പം ലിഥിയം ബാറ്ററികൾ കപ്പലിൽ കയറ്റാറില്ല.
കപ്പലിൽ ലിഥിയം ബാറ്ററിയിൽ നിന്നാരംഭിച്ച പൊട്ടിത്തെറിയും തീപിടിത്തവും മാരക രാസവസ്‌തുക്കളിലേക്ക് വ്യാപിച്ചതാകാനാണ് സാദ്ധ്യത.
വെള്ള, കറുപ്പ് നിറങ്ങളിൽ പുക ഉയരുന്നുണ്ട്. പെട്രോളിയം ഉത്പന്നങ്ങൾ കത്തുമ്പോൾ വെള്ളപ്പുകയും രാസവസ്‌തുക്കൾ കത്തുമ്പോൾ കറുത്ത പുകയുമാണ് ഉയരുക