റിയാദ്: ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങവേ വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ മലയാളി മരിച്ചു. റിയാദ് വാദി ലബനിൽ എക്സിറ്റ് 33ലെ നജ്റാൻ സ്ട്രീറ്റിൽ വെച്ചായിരുന്നു സംഭവം. അപകടത്തിൽ തിരുവനന്തപുരം കണിയാപുരം സ്വദേശി മെക് മൻസിലിൽ സുധീർ (48) ആണ് മരിച്ചത്. സൈക്കിളിൽ സഞ്ചരിക്കുമ്പോൾ പിന്നിൽ നിന്നെത്തിയ വാഹനം ഇടിക്കുകയായിരുന്നു.
ഈ മാസം ആറിന് പുലർച്ചെയായിരുന്നു അപകടം. ഡി.എച്ച്.എൽ കമ്പനിയുടെ വാദി ലബൻ ബ്രാഞ്ചിൽ സൂപ്പർ വൈസറായി തൊഴിൽ ചെയ്ത് വരികയായിരുന്നു സുധീർ. അപകടത്തിൽ സുധീറിനെ ഇടിച്ച വാഹനം നിർത്താതെ പോയി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ സുധീറിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടികൾ കമ്പനി ആരംഭിച്ചുണ്ട്. രണ്ടുവർഷമായി ഡിഎച്ച്എൽ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു സുധീർ. നാട്ടിൽപോയി അവധി കഴിഞ്ഞ് തിരിച്ചെത്തിയിട്ട് മൂന്നു മാസമേ ആയിട്ടുള്ളൂ. ഇദ്ദേഹത്തിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഇബ്രാഹിം കുഞ്ഞ്, സുലൈഖ ബീവി ദമ്പതികളുടെ മകനാണ് സുധീർ.