കൊച്ചി: അതിഥിത്തൊഴിലാളികളിൽ നിന്ന് പണവും മൊബൈൽ ഫോണുകളും തട്ടിയെടുത്ത സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു.
കുന്നത്തുനാട് എക്സൈസ് പ്രിവന്റീവ് ഓഫീസർ നെല്ലിക്കുഴി പുഴക്കര സലീം യൂസഫ് (52), തായ്ക്കാട്ടുകര മേക്കിലക്കാട്ടിൽ സിദ്ധാർഥ് (35) എന്നിവർക്കെതിരെയാണ് നടപടി. ക്രിമിനലുകൾക്കൊപ്പം അതിഥിത്തൊഴിലാളികളുടെ ക്യാംപിലെത്തിയാണ് ഇവർ പണം തട്ടിയത്.
പ്രതികൾ മുമ്പും ഇത്തരത്തിൽ പണം തട്ടിയെടുക്കുന്നതു പോലുള്ള പ്രവൃത്തികൾ നടത്തിയിട്ടുണ്ടെന്നും മേലധികാരികൾ ഇവരെ താക്കീത് ചെയ്തിട്ടുണ്ടെന്നുമാണ് വിവരം.
ആലുവ–പെരുമ്പാവൂർ റൂട്ടിൽ തെക്കേ വാഴക്കുളത്തുള്ള അതിഥിത്തൊഴിലാളി ക്യാംപിലാണ് സംഭവം. പരിശോധനയ്ക്ക് എന്ന വ്യാജേനെയാണ് നാലംഗ സംഘം ഇവിടെ എത്തിയത്. തുടർന്ന് പൊലീസ് ആണെന്ന് പറഞ്ഞ് പരിശോധനയിൽ ഇവർ തൊഴിലാളികളെ ഉപദ്രവിച്ചതായും പരാതിയുണ്ട്.
തുടർന്ന് തൊഴിലാളികളുടെ പക്കലുണ്ടായിരുന്ന 56,000 രൂപയും 4 ഫോണുകളും തട്ടിയെടുക്കുകയായിരുന്നു. പിന്നാലെ ക്യാംപിലെ താമസക്കാരനായ അസം സ്വദേശി ജോഹിറൂള്‍ തടിയിട്ടപറമ്പ് പൊലീസിനെ സമീപിച്ച് പരാതി നൽകി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ എക്സൈസുകാരാണെന്ന വിവരം പൊലീസിനു ലഭിച്ചത്. ഇവർ ക്യാംപിൽ നിന്ന് ഇറങ്ങിപ്പോകുന്ന സിസി ടിവി ദൃശ്യവും പൊലീസിന് ലഭിച്ചു. കേസിൽ പ്രതികളെ റിമാൻഡ് ചെയ്ത് മൂവാറ്റുപുഴ സബ് ജയിലിലേക്കയച്ചു.