ഡബ്ലിൻ: ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്നാരോപിച്ച് ടിക് ടോക്കിന് 600 മില്യൺ ഡോളർ (ഏകദേശം 507 കോടി രൂപ) പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ.
ടിക് ടോക്ക് യൂറോപ്യൻ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചൈനയ്ക്ക് കൈമാറിയതായി അയർലൻഡിലെ ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ (ഡിപിസി) നാല് വർഷമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് കണ്ടെത്തിയത്.
ഇത് ഉപയോക്താക്കളുടെ സ്വകാര്യതയെ അപകടത്തിലാക്കുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ചില യൂറോപ്യൻ ഉപയോക്താക്കളുടെ ഡാറ്റ ചൈനയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് ടിക് ടോക്ക് സമ്മതിച്ചെങ്കിലും ഇപ്പോൾ ആ ഡാറ്റ ഇല്ലാതാക്കിയതായാണ് കമ്പനി ഇപ്പോൾ അവകാശപ്പെടുന്നത്.
യൂറോപ്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ ചൈനീസ് അധികാരികളുമായി ഒരിക്കലും പങ്കുവെച്ചിട്ടില്ലെന്നും തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്നും ടിക് ടോക്ക് വിശദമാക്കി.
ടിക് ടോക്കിന്റെ ഡാറ്റാ പ്രോസസ്സിംഗ് രീതികൾ ആറ് മാസത്തിനുള്ളിൽ യൂറോപ്യൻ യൂണിയൻ നിയമങ്ങൾക്ക് അനുസൃതമാക്കാൻ ഡിപിസി ഉത്തരവിട്ടിട്ടുണ്ട്. കമ്പനി അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, ചൈനയിലേക്കുള്ള ഡാറ്റാ കൈമാറ്റം താൽക്കാലികമായി നിർത്തിവയ്ക്കേണ്ടി വന്നേക്കാം.
യൂറോപ്യൻ യൂണിയന്റെ ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ (GDPR)പ്രകാരം ചുമത്തിയ മൂന്നാമത്തെ വലിയ പിഴയാണ് ഇത്. 2023-ൽ മെറ്റയ്ക്ക് 1.2 ബില്യൺ യൂറോയാണ് പിഴ ചുമത്തിയത്.
ഉപയോക്തൃ ഡാറ്റ കൂടുതൽ സുരക്ഷിതമായി സൂക്ഷിക്കാൻ സഹായിക്കുന്നതിനായി പ്രോജക്റ്റ് ക്ലോവർ എന്ന സംരംഭത്തിന്റെ കീഴിൽ യൂറോപ്പിൽ മൂന്ന് ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാൻ ടിക് ടോക്ക് പദ്ധതിയിടുന്നതായും റിപ്പോർട്ടുണ്ട്. ഡാറ്റയുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനാണ് ഈ സംരംഭമെന്ന് കമ്പനി പറയുന്നു.
വ്യത്യസ്ത രാജ്യങ്ങളിൽ പ്രവർത്തിക്കുമ്പോൾ കമ്പനികൾ പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതുണ്ട്. എന്നാൽ ഡാറ്റാ സ്വകാര്യതയെയും സുരക്ഷാ പ്രശ്‌നങ്ങളെയും കുറിച്ച് ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന ആശങ്കകളെയാണ് ഈ സംഭവവും എടുത്തുകാട്ടുന്നത്.









