കൊച്ചി കീഴടക്കാൻ കരുത്തർ ഏറ്റുമുട്ടും
കൊച്ചി: യു.ഡി.എഫിന് ഒമ്പത് എം.എൽ.എമാരുള്ള എറണാകുളം ജില്ല കോൺഗ്രസിന്റെ ഉരുക്കുകോട്ടമായതിനാൽ ഇവിടെ പരീക്ഷണങ്ങൾക്ക് എൽ.ഡി.എഫ് തയ്യാറല്ല.
തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത്, കൊച്ചി കോർപ്പറേഷൻ, ഭൂരിഭാഗം മുനിസിപ്പാലിറ്റികൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവ യു.ഡി.എഫിന്റെ കൈവശമായിരുന്നെങ്കിലും, നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ച് സിറ്റിങ് എം.എൽ.എമാരുടെ കരുത്തിൽ ശക്തമായ പോരാട്ടത്തിനാണ് ഇടതുമുന്നണിയുടെ നീക്കം.
എൻ.ഡി.എ ഇതുവരെ ജില്ലയിൽ അക്കൗണ്ട് തുറന്നിട്ടില്ല.
സിറ്റിങ് എം.എൽ.എമാരായ അഞ്ചുപേരെയും വീണ്ടും മത്സരിപ്പിക്കാനാണ് സി.പി.എം ജില്ലാ നേതൃത്വത്തിന്റെ ധാരണ.
കഴിഞ്ഞ തവണ കൈവിട്ട സീറ്റുകളിൽ ശക്തരായ സ്ഥാനാർത്ഥികളെ ഇറക്കും. കൊച്ചി എം.എൽ.എ കെ.ജെ. മാക്സിക്കും കോതമംഗലം എം.എൽ.എ ആന്റണി ജോണിനും രണ്ട് ടേം നിബന്ധനയിൽ ഇളവ് നൽകാനും തീരുമാനമുണ്ട്.
വ്യവസായ മന്ത്രി പി. രാജീവിന്റെ കളമശേരി മണ്ഡലമാണ് എൽ.ഡി.എഫിന്റെ താരമണ്ഡലം. ഐ.ടി മേഖലയടക്കമുള്ള വികസന പദ്ധതികൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയതാണ് പ്രധാന ആയുധം.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പറവൂർ മണ്ഡലമാണ് യു.ഡി.എഫിന്റെ ശക്തികേന്ദ്രം. സി.പി.ഐയുടെ പരമ്പരാഗത സീറ്റായിരുന്നിട്ടും സതീശന് ഇവിടെ വലിയ വെല്ലുവിളികളില്ല.
നിയമസഭയിലും പുറത്തുമായി മുഖ്യമന്ത്രിയെ ശക്തമായി നേരിടുന്ന നേതാവായതിനാൽ സതീശനെ തോൽപ്പിക്കുക സി.പി.എം അജൻഡയായിരുന്നെങ്കിലും, പറവൂരിനെയും പിറവത്തിനെയും വച്ചുമാറാനുള്ള ചർച്ചകൾ ഇപ്പോൾ സജീവമല്ല.
യു.ഡി.എഫ് ഘടകകക്ഷി സീറ്റായ പിറവത്ത് മുൻ മന്ത്രി അനൂപ് ജേക്കബ് തന്നെ മത്സരിക്കും.
പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പള്ളിക്കെതിരായ സ്ത്രീപീഡന ആരോപണങ്ങൾ കോൺഗ്രസിൽ ധാർമ്മിക പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
ലോക്സഭാംഗം ഹൈബി ഈഡനെ നിയമസഭയിലേക്ക് മാറ്റിപ്പിടിക്കാനുള്ള സാധ്യതയും ചർച്ചയിലുണ്ട്. മറ്റ് എം.പിമാരും സീറ്റ് ആവശ്യപ്പെടുമെന്ന ആശങ്കയും പാർട്ടിക്കുണ്ട്.
ഉപതിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ ഉമ തോമസ് നിലവിൽ നിയമസഭയിലെ കോൺഗ്രസിന്റെ ഏക വനിതാ എം.എൽ.എയാണ്.
തൃക്കാക്കരയിൽ വീണ്ടും ഉമ മത്സരിക്കാനാണ് സാധ്യത. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നേടിയ തൃപ്പൂണിത്തുറയിൽ കെ. ബാബു തുടരുമോയെന്നത് അനിശ്ചിതമാണ്. ഇവിടെ നടൻ രമേഷ് പിഷാരടി സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹവും ഉയരുന്നുണ്ട്. സമുദായ സമവാക്യങ്ങൾ നിർണായകമാകും.
തദ്ദേശ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് തരംഗത്തിനിടയിലും തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിൽ ഭരണം പിടിച്ചത് ബി.ജെ.പിക്ക് ആത്മവിശ്വാസമാണ്. തൃപ്പൂണിത്തുറയാണ് എൻ.ഡി.എയുടെ പ്രധാന ശ്രദ്ധാകേന്ദ്രം.
വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ കണ്ടെത്തുകയാണ് അവരുടെ പ്രധാന വെല്ലുവിളി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഡോ. കെ.എസ്. രാധാകൃഷ്ണന് ഇവിടെ 15.3 ശതമാനം വോട്ടാണ് ലഭിച്ചത്.
English Summary:
Ernakulam district remains a stronghold of the UDF with nine sitting MLAs, prompting the LDF to avoid experiments and rely on its five incumbents. Key constituencies like Kalamassery and Paravur are set for high-profile battles, while candidate changes and ethical concerns within Congress add complexity. The BJP is focusing on Tripunithura as its potential breakthrough seat.
ernakulam-assembly-election-udf-ldf-strategy
Ernakulam politics, Kerala assembly election, UDF, LDF, CPM, Congress Kerala, VD Satheesan, P Rajeev, Tripunithura, Kalamassery









