ഇ.പി.ജയരാജനെ മുഖ്യമന്ത്രിയും കൈവിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുമ്പോൾ അദ്ദേഹത്തിന്റെ ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനം ത്രിശങ്കുവിൽ. പോളിങ് ദിവസത്തെ അജണ്ട നിശ്ചയിച്ചപോലെ ബി.ജെ.പി നേതാവുമായി ചര്‍ച്ച നടത്തിയെന്നു പറയാന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത് നേതൃത്വത്തെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. ഇ.പി.ജയരാജനോട് കടുത്ത അതൃപ്തിയിലാണ് സി.പി.എം നേതൃത്വം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രകാശ് ജാവഡേക്കറുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ച, അതിലെ വിവാദ ദല്ലാള്‍ ടി.ജി.നന്ദകുമാറിന്‍റെ സാന്നിധ്യം ഇവയാണ് പാർട്ടിയിൽ പ്രശ്നം. തിരഞ്ഞെടുപ്പ് അവലോകനത്തിനായി മറ്റന്നാള്‍ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിവാദം ചര്‍ച്ച ചെയ്യും.
കണ്‍വീനര്‍ക്കെതിരെ ഇടതുമുന്നണിയിലും കടുത്ത അതൃപ്തിയാണ്. സമൂഹമാധ്യമങ്ങളില്‍ അണികൾ പോലും കുറ്റം പറയുന്നു. എന്നാല്‍ തനിക്കെതിരെ ആസൂത്രിത നീക്കം നടന്നെന്നതില്‍ ഉറച്ചു നില്‍ക്കുകയാണ് ഇ.പി. മറ്റന്നാള്‍ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേരുമ്പോൾ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന വാദം പാര്‍ട്ടിയെ ബോധ്യപ്പെടുത്താനാവും ഇ.പിയുടെ ശ്രമം. എന്നാൽ, കുറേനാളായി കേരളത്തിലെ സി.പി.എമ്മില്‍ മുഖ്യമന്ത്രി തന്നെയാണ് അവസാനവാക്ക്. അതിനാല്‍ തന്നെ ഇ.പിക്കായി വാദിക്കാന്‍ ആരുമുണ്ടാവില്ല. പതിവുരീതിവിട്ട് കൂടെയുള്ള സഖാവിനോടുള്ള രോഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമാക്കിയത് എം.വി.ഗോവിന്ദന്‍ പറഞ്ഞതുപോലെ താക്കീതാണ് എന്നിരിക്കെ ഇ പിയുടെ സ്ഥാനം ശരിക്കും തുലാസിൽ തന്നെ.