കോട്ടയം: കനത്ത മഴയും മോശം കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മൂന്ന് വിനോദഞ്ചാര കേന്ദ്രങ്ങളിൽ ഇന്ന് പ്രവേശന വിലക്ക് Entry ban. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവടങ്ങളിലാണ് ജില്ലാ ഭരണകൂടം ഇന്ന് പ്രവേശന വിലക്കേർപ്പെടുത്തിയത്.
മഴ മുന്നറിയിപ്പ് തുടരുന്നതിനാൽ മലയോരമേഖലയിൽ രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്. സഞ്ചാരികളുടെ തിരക്ക് അധികമായിട്ടുള്ള ഈരാറ്റുപേട്ട – വാഗമൺ റോഡിലെയും മലയോര മേഖലയിലെയും രാത്രികാലയാത്രയ്ക്ക് നിരോധനമുണ്ട്. കോട്ടയം ജില്ലയിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാൽ ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും ഇന്ന് ഉണ്ടാകില്ല. വരും മണിക്കൂറിൽ കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കോട്ടയം ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നൽ ഉൾപ്പെടെയുള്ള അപകട സാധ്യതകൾ മുന്നിൽ കണ്ടാണ് ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല് എന്നിവടങ്ങളിൽ ഇന്ന് പ്രവേശന വിലക്കേർപ്പെടുത്തിയിരിക്കുന്നത്. മഴ മുന്നറിയിപ്പ് തുടരുന്നതിനാൽ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയരുകയും അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നതിനാലാണ് മാർമല അരുവിയിൽ ഇന്ന് പ്രവേശനം പാടില്ലെന്ന നിർദേശം നൽകിയിരിക്കുന്നത്. കോട്ടയം ജില്ലയിലെ അപകടസാധ്യത കൂടുതലുള്ള വിനോദഞ്ചസഞ്ചാര കേന്ദ്രങ്ങളിൽ മുൻപന്തിയിലാണ് മാർമല അരുവി.
ദിവസവും നൂറുകണക്കിന് സഞ്ചാരികൾ എത്തുന്ന കോട്ടയം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവടങ്ങൾ. സൗബിൻ നായകനായി എത്തിയ ഇലവീഴാപൂഞ്ചിറ എന്ന സിനിമ വിജയമായതോടെ സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയായ ഇടമാണ് സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 3200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറ.
ഇലവീഴാപൂഞ്ചിറയിൽ നിന്ന് മിനിറ്റുകൾക്കകം മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ലിലേക്ക് എത്താൻ സാധിക്കും. അതിനാൽ തന്നെ ഇരു സ്ഥലങ്ങളിലും സഞ്ചാരികളുടെ എണ്ണം ഉയർന്ന തോതിലാണ്. നേരിയ മഴയുള്ള സമയത്താണ് ഇവിടെം സന്ദർശിക്കേണ്ട സമയം. തണുപ്പും കോടയും നിറഞ്ഞ കാലാവസ്ഥയാകും.
കാറ്റിൽ കോട നീങ്ങുമ്പോൾ ഇല്ലിക്കൽ കല്ലിൻ്റെ ദൃശ്യം മനോഹരമായി കാണാനാകും. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള പ്രദേശമാണ് ഇല്ലിക്കൽകല്ല്. 4,000 അടി ഉയരമുള്ള ഇല്ലിക്കൽ കല്ല് മൂന്നു പാറക്കൂട്ടങ്ങൾ ചേർന്നാണ് ഉണ്ടായിരിക്കുന്നത്. കോട്ടയം ഈരാറ്റുപേട്ടയ്ക്ക് സമീപത്തായി തലനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽകല്ലിനോട് ചേർന്നാണ് മീനച്ചിലാറിൻ്റെ ഉത്ഭവം.