കല്‍പ്പറ്റ: വയനാട്ടില്‍ ആനകളുടെ എണ്ണത്തില്‍ അഞ്ചു ശതമാനം വര്‍ധന. കേരളം, കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ നടത്തിയ സര്‍വേയിലാണ് വയനാട് ആനകളുടെ എണ്ണം കുത്തനെ കൂട്ടുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം വയനാട് വന്യജീവി സങ്കേതത്തില്‍ 810 കാട്ടാനകളാണുണ്ടായിരുന്നത്.
പുതിയ സര്‍വേ പ്രകാരം ഇത് 815 ആയി ഉയർന്നു. വയനാട്ടില്‍ ആനകളുടെ എണ്ണം മിക്കപ്പോഴും ഒരു പോലെയാണുണ്ടാവുന്നതെന്ന് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി ദിനേഷ് കുമാര്‍ പറഞ്ഞു. കാലാവസ്ഥ വ്യതിയാനം അടക്കമുള്ള കാരണങ്ങളാല്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് കേരളത്തില്‍ ആനകള്‍ പോകാറുണ്ട്. മറ്റു സംസ്ഥാനങ്ങളുടെ സര്‍വേ വിവരങ്ങളുടെ വിശദ വിവരങ്ങള്‍ കിട്ടിയാലേ കൃത്യമായ കണക്ക് കിട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.