കൊച്ചി: സംസ്ഥാനത്ത് ആനകളെ ഉപയോഗിച്ചുള്ള പരിപാടികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താൻ അമിക്കസ് ക്യൂറിയുടെ ശിപാർശ . മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂ. സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനം എന്നിവയ്ക്ക് ആനകളെ ഉപയോഗിക്കരുതെന്നും ഹൈക്കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 65 വയസ് കഴിഞ്ഞുള്ള ആനകളെ എഴുന്നള്ളിക്കരുതെന്നും നിർദേശമുണ്ട്.(Elephants for religious ceremony only; Amicus Curiae’s recommendation for stricter restrictions)
രണ്ടിടത്ത് എഴുന്നള്ളിപ്പുകള്‍ നടത്തുമ്പോള്‍ 24 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം വേണം. ആനയെ ഒരുസ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് വാഹനത്തില്‍ കൊണ്ടുപോകുകയാണങ്കില്‍ നൂറ് കിലോമീറ്ററില്‍ അധികം പോകാന്‍ പാടില്ല. നടത്തിയാണ് കൊണ്ടുപോകുന്നതാണെഗിൽ 30 കിലോമീറ്റര്‍ ദൂരമേ നടത്തിക്കാവൂ. എഴുന്നള്ളിപ്പുകള്‍ക്ക് ആനകളെ നിര്‍ത്തുമ്പോള്‍ ആനകൾ തമ്മിൽ മൂന്നുമീറ്ററെങ്കിലും അകലം പാലിക്കണം. ജനങ്ങളെ ആനകള്‍ക്ക് സമീപത്തുനിന്ന് പത്തുമീറ്റര്‍ അകലെ നിര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തലപ്പൊക്ക മത്സരം വണങ്ങല്‍, പുഷ്പവൃഷ്ടി എന്നിവയ്ക്ക് ആനകളെ ഉപയോഗിക്കാന്‍ പാടില്ല. അഞ്ചില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കുന്ന ഉത്സവമാണെങ്കില്‍ ഉപ്രത്യേക അനുമതി വാങ്ങണം. 24 മണിക്കൂര്‍ മുന്‍പെങ്കിലും ഉത്സവസ്ഥലത്ത് എത്തിച്ച് പരിശോധന നടത്തിയ ശേഷമേ ആനകളെ എഴുന്നള്ളിക്കാവൂ. ആനകളെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോള്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും അമിക്കസ് ക്യൂറി ശിപാർശ ചെയ്യുന്നു.