വയോധികരായ സഹോദരിമാരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് തടമ്പാട്ടുത്താഴത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൂന്നു വർഷത്തോളമായി ഇവർ ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഇളയ സഹോദരൻ പ്രമോദിനൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്.
സഹോദരിമാർ മരിച്ചു എന്ന് പ്രമോദാണ് ബന്ധുക്കളെ ഫോൺ വിളിച്ച് അറിയിച്ചത്. ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ രണ്ടു മുറികളായി വെള്ളപുതപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ.
പ്രമോദിനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല. 67 ഉം 71 വയസ്സുള്ള സഹോദരിമാരാണ് മരിച്ചത്. ഇവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് പൊലീസ് പറഞ്ഞത്.
പ്രമോദിൻ്റെ ടവർ ലൊക്കേഷൻ പരിശോധിച്ചു നോക്കിയപ്പോൾ അവസാനമായി ഫറോക്കിലാണ് ഫോൺ ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ലോട്ടറിക്കച്ചവടം നടത്തുന്നയാളാണ് പ്രമോദ്. ഇയാൾക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.