മദ്യപിച്ച് റോഡരികിൽ കിടന്ന വയോധികന്റെ കാലിൽ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു; ക്രൂരത തിരുവോണ നാളിൽ
വടക്കാഞ്ചേരി തെക്കുംകരയിൽ നടന്ന ഒരുനാടകീയ സംഭവം ഇപ്പോൾ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
മദ്യപിച്ച് റോഡരികിൽ കിടന്നിരുന്ന ഒരു വയോധികന്റെ കാലിൽ തിളച്ച വെള്ളം ഒഴിച്ച് പൊള്ളിച്ചെന്ന ഗുരുതരമായ പരാതിയാണ് ഉയർന്നിരിക്കുന്നത്.
കാലിൽ ഗുരുതരമായി പൊള്ളലേറ്റ ശശിധരൻ ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവോണദിനത്തിലാണ് സംഭവം നടന്നത്. ഇതോടെ പ്രദേശവാസികളിലും ജനങ്ങളിൽ ആശങ്ക വർധിച്ചിരിക്കുകയാണ്.
ഇരുകാലുകളിലും പൊള്ളലേറ്റതിനെ തുടർന്ന് ശശിധരന്റെ ആരോഗ്യനില ഇപ്പോഴും ആശങ്കാജനകമാണ്.
സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടുണ്ടെങ്കിലും പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ശശിധരന്റെ കുടുംബം ആരോപിക്കുന്നു.
സൂര്യാഘാതം മൂലമല്ല, മറിച്ച് തിളച്ച വെള്ളമാണ് പൊള്ളലിന് കാരണം എന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ വ്യക്തമാക്കിയതായി ശശിധരന്റെ ഭാര്യ പറയുന്നു. കുടുംബത്തിന്റെ പരാതിയെത്തുടർന്ന് പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
ഈ ക്രൂര സംഭവത്തിന്റെ പിന്നിലെ ആളുകളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യം നാട്ടുകാരും കുടുംബവും ഉന്നയിക്കുന്നു.
വിദ്യാർത്ഥിയുടെ കാൽ ഓടയിൽ കുടുങ്ങി
കൊല്ലം: നടന്നുപോകുന്നതിനിടെ ഓടയിൽ കാൽ കുടുങ്ങിയതിനെ തുടർന്ന് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. കൊല്ലം കൊട്ടാരക്കര സ്വദേശിനി ദുദ്ര ഷിബുവിനാണ് പരിക്കേറ്റത്.
കൊല്ലം തിരുമംഗലം ദേശീയപാതയിൽ കൊട്ടാരക്കര പുലമണിലാണ് അപകടം ഉണ്ടായത്. റോഡിന് കുറുകെ കടന്നുപോകുന്ന ഓടയാണ് അപകടത്തിന് ഇടയാക്കിയത്. ഈ ഓടക്ക് മുകളിൽ ഇരുമ്പ് കമ്പി സ്ഥാപിച്ചിട്ടുണ്ട്.
കമ്പി ഇളകിക്കിടന്ന ഭാഗത്തിലൂടെ നടന്നുപോകുന്നതിനിടെ കുട്ടിയുടെ കാൽ കുടുങ്ങുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥിനിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദുദ്രയുടെ കാലിന് ഗുരുതര പരിക്കുണ്ടെന്നാണ് വിവരം. കമ്പി മാറികിടന്നിട്ട് കുറെ ദിവസങ്ങൾ ആയെന്നും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്നും നാട്ടുകാർ ആരോപിച്ചു.
കൊല്ലത്ത് വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ച് അധ്യാപിക
കൊല്ലം: ക്ലാസ്മുറിയിലെ ഡസ്‌കില്‍ തലവച്ച് മയങ്ങിയ വിദ്യാര്‍ത്ഥിനിയെ അധ്യാപിക പുസ്തകം മടക്കി തലയ്ക്കടിച്ചതായി പരാതി. കൊല്ലം കിഴക്കേ കല്ലട സിവികെഎം സ്‌കൂളിലാണ് സംഭവം.
തലയ്ക്ക് മരവിപ്പും പനിയും അനുഭവപ്പെട്ട വിദ്യാര്‍ത്ഥിനി കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം ക്ലാസിലെത്തിയ അധ്യാപികയാണ് വിദ്യാര്‍ത്ഥിനിയെ അടിച്ചത്.
മർദനം നടക്കുന്നതിന്റെ തലേദിവസം രാത്രി മുഴുവന്‍ ഹൃദ്രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള അമ്മയെ ശുശ്രൂഷിച്ചതിന്റെ ഉറക്ക ക്ഷീണവുമായാണ് വിദ്യാര്‍ത്ഥിനി ക്ലാസില്‍ എത്തിയത്.
ഇതേ തുടർന്ന് ഉച്ചഭക്ഷണത്തിന് ശേഷം കുട്ടി ഡസ്‌കില്‍ തലവച്ച് മയങ്ങിപ്പോയി. ഈ സമയം ക്ലാസിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥിനി മയങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപിക കട്ടിയുള്ള പുസ്തകം ഉപയോഗിച്ച് കുട്ടിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു.
അടിയേറ്റതിനെ തുടർന്ന് തലയ്ക്ക് തരിപ്പും അസ്വസ്ഥതയും അനുഭവപ്പെട്ടെങ്കിലും കുട്ടി ഈ വിവരം വീട്ടില്‍ പറഞ്ഞിരുന്നില്ല. എന്നാൽ ഞായറാഴ്ച്ച വൈകീട്ട് ആയപ്പോഴേക്കും പനിയും ശരീര വേദനയും അനുഭവപ്പെട്ടു.
ഇതോടെ ഭയന്ന പെണ്‍കുട്ടി അധ്യാപിക ഉപദ്രവിച്ച കാര്യം വീട്ടില്‍ അറിയിച്ചു. ഇതോടെയാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.
തലയ്ക്കകത്ത് രക്തശ്രാവമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ നാല് ദിവസം പൂര്‍ണ വിശ്രമം ആവശ്യമാണെന്നും ആണ് ചികിത്സിച്ച ഡോക്ടര്‍മാർ പറഞ്ഞത്.
സംഭവത്തിൽ കിഴക്കേ കല്ലട പൊലീസ് വിദ്യാര്‍ത്ഥിനിയുടെ വീട്ടിലെത്തി മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു.