രണ്ടാൾപ്പൊക്കത്തിൽ വെള്ളമുള്ള, 20 കോൽ താഴ്ചയുള്ള കിണറ്റിൽ വീണ വയോധികന് അത്ഭുത രക്ഷപ്പെടൽ. കണ്ണൂരിലാണ് സംഭവം. വേലിക്കോത്ത് മുഹമ്മദ് (60) ആണ് ഒരു രാത്രി മുഴുവൻ കയറിൽ പിടിച്ചു കിടന്നു രക്ഷപ്പെട്ടത്.Elderly man miraculously escapes after spending entire night in well.
ആൾപാർപ്പില്ലാത്ത 25 ഏക്കർ വരുന്ന റബർതോട്ടത്തിൽ ആടുകളെ തീറ്റാൻ എത്തിയതായിരുന്നു മുഹമ്മദ്. ഇതിനിടെ ആടുകളിലൊന്ന് കിണറിന്റെ അധികം പൊക്കമില്ലാത്ത ആൾമറയിൽ കയറി. ആടിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ആടും മുഹമ്മദും കിണറ്റിൽ വീണു.
ചവിട്ടിനിൽക്കാൻ പടവുകൾ പോലുമില്ലാത്ത കിണറ്റിൽ മോട്ടർ കെട്ടിയിട്ട ചെറു പ്ലാസ്റ്റിക് കയറിൽ പിടിത്തം കിട്ടിയത് രക്ഷയായി. വൈകിട്ട് എപ്പോഴോ ആണ് സംഭവം ഉണ്ടായത്.
കയറിൽ പിടിച്ചു കയറാൻ ശ്രമിച്ചാൽ പൊട്ടിവീഴുമെന്നുറപ്പായ മുഹമ്മദ് കഴുത്തൊപ്പം വെള്ളത്തിൽ പുലർച്ചെ 4.30 വരെ തണുപ്പിനോടും ഉറക്കത്തോടും പൊരുതി.
പുലർച്ചെ നാലോടെ റബർ വെട്ടാനെത്തിയവരുടെ കയ്യിലെ ടോർച്ചിന്റെ പ്രകാശം കണ്ടതോടെ അലറി വിളിച്ച് സഹായം അഭ്യർഥിച്ചു. ടാപ്പിങ്ങിനെത്തിയ ഷാജുവും മുജീബും അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു.
ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന നാലരയോടെ മുഹമ്മദിനെ കരയ്ക്കു കയറ്റി. മുഹമ്മദിനൊപ്പം കിണറ്റിൽ വീണ ആട് ചത്തു.