തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിയെ മർദിച്ച് സഹപാഠിയുടെ അച്ഛൻ. നെയ്യാറ്റിൻകര കാഞ്ഞിരംകുളത്ത് ആണ് സംഭവം. പികെ എച്ച് എസ് എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദനമേറ്റത്.
ഈ മാസം 6 ന് ആണ് സംഭവം. ക്ലാസ് ലീഡറായ വിദ്യാർത്ഥി ക്ലാസിൽ ബഹളം വെച്ച വിദ്യാർത്ഥിയുടെ പേര് ബോർഡിൽ എഴുതിയിരുന്നു. ഇതിന്റെ വിരോധത്തിലാണ് കുട്ടിയെ മർദിച്ചത്. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുട്ടിയുടെ കവിളത്തും തുടയിലും ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
കുട്ടിയുടെ കവിളത്തടിക്കുകയും വാരിയെല്ലിന് കുത്തുകയും കാലു കൊണ്ട് മർദിക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ വിദ്യാർത്ഥി കാരക്കോണം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.