കൊച്ചി: കൊച്ചിയിലെ കതൃക്കടവ് ബാറിലുണ്ടായ വെടിവെപ്പിലെ മുഖ്യപ്രതി പിടിയിൽ. ഒന്നാം പ്രതി വിനീത് വിജയനെയാണ് എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷൻ പരിസരത്തുനിന്ന് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ സംഭവം നടന്നതു മുതൽ ഇയാൾ കൊച്ചിയിൽ തന്നെ ഉണ്ടായിരുന്നതായാണ് വിവരം. സംഭവം കഴിഞ്ഞ് അഞ്ച് മണിക്കൂറോളം ഇയാളുടെ ഫോൺ ഓണായിരുന്നെങ്കിലും ലൊക്കേഷൻ ഉപയോഗിച്ച് പിടികൂടാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിച്ചിരുന്നില്ല. പിന്നീട് മൂവാറ്റുപുഴ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. എന്നാൽ ഈ സമയത്തും വിനീത് കൊച്ചിയിൽ തന്നെ ഉണ്ടായിരുന്നതായാണ് വിവരം.
വെടിവെപ്പിനുപയോഗിച്ച തോക്ക് വിനീത് വിജയന്റേതാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. മുമ്പും പല കേസുകളിലും പെട്ടയാളാണ് വിനീത് എന്ന് പൊലീസ് സൂചിപ്പിക്കുന്നു. കേസിലെ മറ്റു മൂന്നു പ്രതികളെ മൂവാറ്റുപുഴ പൊലീസ് പിടികൂടിയിരുന്നു.
എതിർചേരിയിൽ ആക്രമണം ഏത് നിമിഷവും ഉണ്ടായേക്കുമെന്ന ഭയത്തിലാണ് തോക്കുമായാണ് വിനീത് നടന്നിരുന്നത്. അടിച്ചാൽ തിരിച്ചടിക്ക് വേണ്ടിയായിരുന്നു ഇത്. ബാർ ജീവനക്കാർക്കുനേരെ നിറയൊഴിക്കുമെന്ന് കരുതിയിരുന്നില്ല. ഇടശേരി ബാർ വെടിവയ്പ്പ് കേസിൽ അറസ്റ്റിലായ പ്രതികൾ മുഖ്യപ്രതിയെക്കുറിച്ച് പൊലീസിനോട് വെളിപ്പെടുത്തിയതാണിത്.
പെരുമ്പാവൂർ ഗുണ്ടാ സംഘത്തിലെ കണ്ണിയാണ് പിടിയിലായ വിനീതടക്കമുള്ളവർ. കഞ്ചാവ് കടത്തും മറ്റുമാണ് പ്രധാന വരുമാന മാർഗമെന്ന് പൊലീസ് പറഞ്ഞു. ലഹരിയിടപാടുമായി ബന്ധപ്പെട്ട് വിനീത് എറണാകുളത്തെ മറ്റൊരു ഗുണ്ടാസംഘവുമായി തെറ്റിയിരുന്നു. ഇതിനുശേഷമാണ് തോക്കുമായി നടക്കാൻ തുടങ്ങിയതത്രേ.
തൊടുപുഴ സ്വദേശിയുടെ ഫോർഡ് ഫിഗോ കാറാണ് പ്രതികൾ വാടകയ്ക്ക് എടുത്തിരുന്നത്.സി.സി ടിവി ദൃശ്യത്തിൽനിന്ന് കാറിന്റെ നമ്പർ ശേഖരിച്ച പൊലീസ് ഉടമയെ ആദ്യം കസ്റ്റഡിയിലെടുത്തു. ഇയാൾ കാർ വാടകയ്ക്കെടുത്തവരെക്കുറിച്ച് പൊലീസിന് വിവരം കൈമാറുകയായിരുന്നു. മുടവൂരിൽ കാർ ഉപേക്ഷിച്ച് മറ്റൊരു വാഹനത്തിലാണ് പ്രതികൾ സ്ഥലംവിട്ടത്
രണ്ടാഴ്ച്ച മുമ്പാണ് കതൃക്കടവിലെ ഇടശ്ശേരി ബാറിന് മുന്നിൽ വെടിവെപ്പുണ്ടായത്. രണ്ടു ബാർ ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. ബാർ ജീവനക്കാരായ സിജിൻ, അഖിൽ എന്നിവർക്കാണ് പരുക്കേറ്റത്.
മദ്യം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.
വാക്കുതർക്കം രൂക്ഷമായതോടെ സംഘം എയർ പിസ്റ്റൾ ഉപയോഗിച്ച് ബാർ ജീവനക്കാരെ വെടിവെക്കുകയായിരുന്നു. സിജിൻറെ വയറ്റിലും അഖിലിൻറെ കാലിനുമാണ് വെടിയേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
തർക്കത്തിനിടെ ബാർ മാനേജരെയും ഇവർ മർദ്ദിച്ചിരുന്നു. വെടിയുതിർത്ത ശേഷം പ്രതികൾ കാറിൽ തന്നെ മടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ സി.സി.റ്റി.വി കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതായി എറണാകുളം നോർത്ത് പൊലീസ് അറിയിച്ചു.