തൃശൂര്‍: കഴിഞ്ഞ പത്തു വർഷത്തിനിടയില്‍ തൃശൂർ ജില്ലയിൽ മാത്രംസിപിഎം 100 കോടിയിലധികം രൂപയുടെ ഇനിയും വെളിപ്പെടുത്താത്ത സ്വത്തുക്കള്‍ സമ്പാദിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.
കരിവന്നൂര്‍ ബാങ്ക് തട്ടിപ്പ് അന്വേഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഇഡിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബാങ്കിലെ മുന്‍ ജീവനക്കാരനായ എവി സുരേഷ് ഹൈക്കോടതിയില്‍ ഹർജി സമര്‍പ്പിച്ചിരുന്നു.
ഹര്‍ജിയുടെ ഭാഗമായി ഇഡി നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 11ന് ഇഡിയുടെ കൊച്ചി യൂണിറ്റാണ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.
നിരവധി ബാങ്കുകളില്‍ അക്കൗണ്ട് തുറന്ന് ഫണ്ടുകള്‍ ശേഖരിക്കുകയും, അന്വേഷണ ഏജന്‍സികളുടേയും ഇലക്ഷന്‍ കമ്മീഷന്റേയും കണ്ണില്‍പ്പെടാതെ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുകയുമായിരുന്നു.
പാര്‍ട്ടി അംഗങ്ങളില്‍ നിന്ന് പിരിക്കുന്ന ലെവി, തിരഞ്ഞെടുപ്പു ഫണ്ട്, കരുവന്നൂര്‍ ബാങ്കില്‍ നിന്ന് നിയമവിരുദ്ധമായി എടുത്ത വായ്പകള്‍, നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങളില്‍ നിന്ന് ശേഖരിച്ച പണത്തിന് പുറമേ അനധികൃത ലോണുകള്‍ വാങ്ങിയവരില്‍ നിന്ന് കിട്ടിയ കമ്മീഷനുകളുമൊക്കെയാണ് സിപിഎമ്മിന്റെ 100 കോടിയുടെ അനധികൃത സമ്പാദ്യം.
സിപിഎമ്മിന്റെ നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമവിരുദ്ധമായി പണം സമ്പാദിച്ച സിപിഎം നേതാക്കളുടെ വിവരങ്ങളും ഇഡി കോടതിയില്‍ നല്‍കിയ കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടിലുണ്ട്.
ഇത്തരത്തില്‍ സമ്പാദിച്ച പണം പാര്‍ട്ടിയുടെ പ്രാദേശിക ചെലവുകള്‍ക്കും, സ്ഥലം വാങ്ങാനും ഓഫീസുകള്‍ നിര്‍മ്മിക്കാനും ചെലവാക്കിയതായാണ് ഇഡിയുടെ കണ്ടെത്തൽ.
2023 മാര്‍ച്ച് 31ന് സിപിഎം ജില്ലാ കമ്മറ്റിയുടെ ഓഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റില്‍ 17 ഏരിയാ കമ്മറ്റികള്‍ക്കായി 5 ബാങ്ക് അക്കൗണ്ട് ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ അക്കൗണ്ടുകളില്‍ 1.73 കോടി രൂപയും 63.98 ലക്ഷം രൂപ സ്ഥിര നിക്ഷേപം ഉള്ളതായും പറയുന്നു.